ഒരു ലിറ്റര്‍ കുപ്പിക്ക് 220 രൂപ, കൊറോണയ്ക്കുള്ള വ്യാജ മരുന്ന വില്‍പ്പന; ഒരാല്‍ അറസ്റ്റില്‍

കാസര്‍കോട്: കോവിഡ്–19 രോഗത്തിന്റെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്താന്‍ ശ്രമിച്ച വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാല റോഡിലെ കെ.എം. ഹംസ (49) യെയാണ് വിദ്യാനഗര്‍ പൊലീസ് അറസറ്റ് ചെയ്തത്.

ഇഞ്ചി, വെള്ളുത്തുള്ളി, തേന്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് ചൂടാക്കിയുള്ള മിശ്രിതം കുപ്പിയിലാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഒരു ലിറ്റര്‍ കുപ്പിക്ക് 220 രൂപയും അരലിറ്ററിനു 110 രൂപയും ഈടാക്കാനായിരുന്നു ലക്ഷ്യം. കര്‍ണാടകയിലെ ഷെയ്ഖ് നിര്‍ദേശിച്ച, കോവിഡ്–19 രോഗത്തിനെതിരെയുള്ള മുന്‍കരുതല്‍ മരുന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വില്‍പന നടത്താന്‍ ഒരുങ്ങിയത്. കല്ലുകെട്ട് മേസ്തിരിയാണു ഹംസ.

അതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. 2019 സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം. 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയര്‍ കസ്റ്റംസ് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. ഇയാളുടെ ഇടപാടുകളെ പറ്റി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ചെക്ക് ഇന്‍ ബാഗേജ് വിമാനത്താവളത്തിനു പുറത്തു കൊണ്ടുപോയതിന് ഇയാള്‍ക്കു നോട്ടിസ് നല്‍കും.

വിമാനത്താവളത്തിന്റെ ഒന്നാം നിലയിലെ ഇമിഗ്രേഷന്‍ കൗണ്ടറിനടുത്തു വച്ചാണ്, സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചത്. കസ്റ്റംസ് കൗണ്ടറില്‍ െചന്ന് പാസ്‌പോര്‍ട്ട് വാങ്ങാന്‍ നിര്‍ദശിക്കുകയും ചെയ്തു. ചെക്ക് ഇന്‍ ബാഗേജും ഇയാളെയും വിശദമായി പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍, ചെക്ക് ഇന്‍ ബാഗേജുമായി ഇയാള്‍ നേരെ പുറത്തിറങ്ങുകയായിരുന്നുവെന്നും കസ്റ്റംസ് കൗണ്ടറില്‍ ചെന്നില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തിനു പുറത്തിറങ്ങിയശേഷം ഇയാള്‍ നടത്തിയ യാത്രകള്‍ സംശയാസ്പദമാണെന്നതു കൊണ്ടാണു പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

pathram:
Leave a Comment