കറങ്ങി നടക്കുന്നവർക്കേതിരെ കേസെടുത്ത് തുടങ്ങി

കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.

അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന രണ്ട് പേരെ കാണാതായി. അമേരിക്കയില്‍ നിന്ന് എത്തിയ രണ്ട് പേരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. അതേസയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് പോയതിന് ഇവര്‍ക്കെതിരേയും മറ്റ് 11 പേര്‍ക്കെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രത പത്തനംതിട്ട ജില്ലയില്‍ തുടരുന്നതിനിടയിലാണ്, ചിലരുടെ ഭാഗത്ത് നിന്നുള്ള നിസഹകരണം ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും വെല്ലുവിളിയാകുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ രണ്ട് പേരെ സുരക്ഷ മുന്‍നിര്‍ത്തി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരാണ് ഇപ്പോള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത്.

ഇതിന് പുറമേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് പുറത്ത് ഇറങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ 2009 ലെ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പൊലീസ് ആക്റ്റ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുരക്ഷയുടെ ഭാഗമായി ജില്ലയിലെ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. റാന്നി താലൂക്ക് ആശുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ ബാങ്കുകളില്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല എന്ന നിര്‍ദേശവും ഉണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ രണ്ട് പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 14 പേരാണ് ഇപ്പോള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്.

pathram desk 2:
Leave a Comment