വാഷിങ്ടന്‍: കൊറോണ ചികിത്സയ്ക്കായി മലേറിയയ്ക്കുള്ള മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ശനിയാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ട്രംപ് വീണ്ടും മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനെ പിന്തുണച്ചത്. കുറച്ചു ദിവസങ്ങളായി മരുന്നുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഒരു ശാസ്ത്രീയ പഠനത്തെക്കുറിച്ചുള്ള കുറിപ്പും ട്രംപ് റീട്വീറ്റ് ചെയ്തു.
ഫ്രാന്‍സില്‍ കോവിഡ് രോഗികള്‍ക്കു മലേറിയ മരുന്നു ഫലപ്രദമായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനു കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണു യുഎസ് ഏജന്‍സിയായ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ സംശയമുന്നയിച്ചിട്ടുണ്ട്. കൊറോണയ്ക്ക് ഈ മരുന്ന് ‘ഗെയിം ചെയ്ഞ്ചര്‍’ ആയിരിക്കുമെന്നാണു ട്രംപിന്റെ വാദം. എത്രയും പെട്ടെന്ന് ഈ മരുന്നു ലഭ്യമാക്കാനാണു ശ്രമമെന്നും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
രാജ്യാന്തര തലത്തില്‍ മരണ സംഖ്യ പതിനായിരം കടന്ന കോവിഡ് രോഗത്തിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ രോഗികള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മരുന്നു കാരണം രോഗം ഭേദപ്പെടുമെന്നതിനു കാര്യമായ തെളിവുകളില്ല. മാര്‍ക്കറ്റില്‍ ലഭ്യമായ ഈ മരുന്നിനു വിലയും കുറവാണ്. മരുന്നിനെക്കുറിച്ചു യുഎസ് ഗവേഷകര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതായും ട്രംപ് പറഞ്ഞു. വളരെ കുറച്ചു സമയത്തിനകം തന്നെ ഇതു പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്നു നമുക്കു കണ്ടെത്താന്‍ സാധിക്കും. ഞാന്‍ ആത്മവിശ്വാസത്തിലാണ്–ട്രംപ് വ്യക്തമാക്കി.
Leave a Comment