കൊറോണ: 22ന് കടകള്‍ തുറക്കില്ല

കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി 22ന് മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി അറിയിച്ചു.

മുഴുവന്‍ കടകളും അടച്ചു സഹകരിക്കണമെന്നു കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ടി.എഫ്.സെബാസ്റ്റ്യന്‍, കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണന്‍, എം. നസീര്‍, പ്രസാദ് ജോണ്‍ മാമ്പ, നജിമുദ്ദീന്‍ ആലംമൂട്, നിജാം ബഷീ, മനോജ്, സുനില്‍ കുമാര്‍, വി.എ. ജോസ്, പി.എം.എം. ഹബീബ്, പി.കെ. ഹെന്‍ട്രി എന്നിവര്‍ പ്രസംഗിച്ചു.

കൊറോണയെ പ്രതിരോധിക്കാന്‍ ജനം കരുതലോടെയിരിക്കണമെന്നും ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണമെന്നായിരുന്നു ആഹ്വാനം..

വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാകുമെങ്കില്‍ അതു കൃത്യമായി പാലിക്കണം. 65 വയസ്സിനു മുകളിലുള്ള എല്ലാവരും വീടിനു പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

രണ്ട് സാഹചര്യങ്ങളെ ക്ഷമയോടെ നേരിടണം. സ്വയം രോഗം വരാതെ നോക്കും, മറ്റുള്ളവര്‍ക്കു രോഗം പകരാതെ നോക്കും. ഈ പ്രതിജ്ഞ മനസ്സിലുണ്ടാകണം. ഒപ്പം വീട്ടില്‍ തുടരാനും ഐസലേഷന്‍ നിര്‍ദേശിക്കുമ്പോള്‍ അത് അനുസരിക്കാനുമുള്ള ക്ഷമ വേണമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

pathram:
Related Post
Leave a Comment