കൊറോണ നിയന്ത്രണവിധേയമാകാതെ ഇറ്റലി; ഇന്നലെ മാത്രം മരിച്ചത് 475പേര്‍

റോം: കൊറോണ മൂലം യുറോപ്പിലെ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475പേര്‍. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാന അനുഭവം. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് അടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 2941 ആയി.

നിലവില്‍ ചൈനയ്ക്കു പുറത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കൊറോണ മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്. ഒറ്റദിവസം കൊണ്ട് 19 ശതമാനത്തിന്റെ വര്‍ധനവാണ് മരണനിരക്കില്‍ ഉണ്ടായത്. ഇതുവരെ 35,713 പേരെ രോഗം ബാധിച്ചു. 31,506ല്‍ നിന്ന് 13.35% ഉയര്‍ന്നാണ് ഇത്രയേറെ പേരെ പുതുതായി ബാധിച്ചത്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ്ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് ഇറ്റലിയും യൂറോപ്പുമാണ്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു.

രോഗബാധിതരുടേയും മരണനിരക്കിന്റെയും കാര്യത്തില്‍ യൂറോപ്പ് ചൈനയെ മറികടക്കുകയാണ്. ചൈനയില്‍ മൊത്തം 80,900 പേരെയാണ് വൈറസ് ബാധിച്ചതെങ്കില്‍ യൂറോപ്പില്‍ മാത്രം അത് 85,000 ആയിരിക്കുകയാണ്. ചൈനയില്‍ 3,200 പേര്‍ മരണമടഞ്ഞപ്പോള്‍ യൂറോപ്പില്‍ മരണം 4000 ആയി. ബുധനാഴ്ച മാത്രം ഇറ്റലിയില്‍ 475 പേര്‍ മരണമടഞ്ഞപ്പോള്‍ ഒറ്റദിവസം ഏറ്റവും കൂടുതല്‍ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 23 നായിരുന്നു. 150 പേര്‍ ഒറ്റദിവസം മരണമടഞ്ഞു.

രോഗബാധിതരുടെയും മരണത്തിന്റെയും കാര്യത്തില്‍ ഇറ്റലിയുടെ തൊട്ടു പിന്നില്‍ സ്‌പെയിനുമുണ്ട്. 14,000 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം പിടിപെട്ടത്. 598 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊറോണയെ തുടര്‍ന്ന് യൂറോപ്പിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്. പോര്‍ച്ചുഗലിലും സ്ഥിതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 642 പേരാണ് രോഗബാധിതരായിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 43 ശതമാനമാണ് രോഗികള്‍ കൂടിയത്. രോഗബാധ യൂറോപ്പില്‍ കടുത്ത സാഹചര്യത്തില്‍ ജര്‍മ്മനി അന്തര്‍യൂറോപ്യന്‍ വ്യോമയാത്രകളുടെ പരിശോധനകള്‍ കര്‍ക്കശമാക്കി. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ലക്‌സംബര്‍ഗ്, ഡന്മാര്‍ക്ക് എന്നിവിടങ്ങള്‍ വഴിയുള്ള വ്യോമഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment