കൊറോണ: തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത, മാളുകളും ബീച്ചുകളും അടച്ചിടും, ജിം, ബ്യൂട്ടി, മസാജ് പാര്‍ലറുകള്‍ക്ക് കര്‍ശന നിയന്ത്രം

തിരുവനന്തപുരം: ജില്ലയില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍. മാളുകളും ബീച്ചുകളും അടയ്ക്കും. ക്ഷേത്ര ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കും നിയന്ത്രണം വരും. ക്ഷേത്ര ഉത്സവമായാലും വിവാഹ ചടങ്ങായാലും പത്തോ പതിനഞ്ചോ പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി പരിമിതപ്പെടുത്തണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു. സമൂഹത്തിലെ മറ്റുള്ളവരെ രക്ഷിക്കുന്നതിന് ഇത്തരം നിയന്ത്രണം ആവശ്യമാണ്. ജിം, ബ്യൂട്ടി പാര്‍ലര്‍, മസാജ് പാര്‍ലറുകള്‍ തുടങ്ങിയവയ്ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

വിദേശത്തുനിന്നു വന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു കലക്ടര്‍ ആഭ്യര്‍ഥിച്ചു. പലരും വീടുകളിലെ നിരീക്ഷണം പാലിക്കുന്നില്ല. നിരീക്ഷണത്തിലുള്ള ഒരാള്‍ ഓട്ടോയിലാണ് ആശുപത്രിയിലേക്കു വന്നത്. രോഗം പടരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് കേന്ദ്രത്തില്‍ ബന്ധപ്പെടണം. ആവശ്യമെങ്കില്‍ മാത്രമേ ജനങ്ങള്‍ വീടിനു പുറത്തു പോകാവൂ. വിദേശത്തുനിന്നു വന്നവര്‍ 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ഒറ്റമുറിയില്‍ തന്നെ കിടക്കണം. അവര്‍ക്കുള്ള ഭക്ഷണം പുറത്തു വയ്ക്കണം. മുറിയുടെ വാതില്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ തുറക്കരുത്. അല്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

പനി വരുന്നവരെല്ലാം പരിശോധനയ്ക്കായി ആശുപത്രികളില്‍ എത്തേണ്ട കാര്യമില്ല. അത് ആശുപത്രികളില്‍ വലിയ തിരക്കിനിടയാക്കും. സംശയം ഉണ്ടെങ്കില്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ടു വിവരം പറയണം. അവരുടെ നിര്‍ദേശം അനുസരിച്ചു പ്രവര്‍ത്തിക്കണം. കോവിഡ്–19 പരിശോധന നടത്താനുള്ള സൗകര്യം ജില്ലയില്‍ 10 ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

വര്‍ക്കലയിലെത്തിയ ഇറ്റലിക്കാരന്‍ എവിടെയെല്ലാം പോയി എന്നു പരിശോധിച്ചുവരികയാണ്. ഇയാള്‍ കൊറോണ വൈറസ് പരിശോധനയ്ക്കായി പാരിപ്പള്ളിയില്‍ പോയിട്ടുണ്ട്. വര്‍ക്കല ടൗണില്‍ പോയില്ലെന്നാണു പ്രാഥമിക നിഗമനം. ക്ഷേത്രത്തില്‍ പോയതായി വിവരമുണ്ടെങ്കിലും സ്ഥീരീകരിച്ചിട്ടില്ല. ഇറ്റലിക്കാരന് ഇംഗ്ലിഷ് അറിയാത്തതിനാല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ പ്രയാസം നേരിടുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 231 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 18 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 70 സാംപിളുകളുടെ റിസള്‍ട്ട് കിട്ടാനുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

pathram:
Leave a Comment