സ്വര്‍ണത്തിനും കൊറോണ ‘ബാധിച്ചു’; പവന് ഇന്ന് കുറഞ്ഞത് 1,200 രൂപ

കൊച്ചി: കൊറോണ ഭീതിയില്‍ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍ ഇപ്പോള്‍ ഘട്ടം ഘട്ടമായി സ്വര്‍ണം വിറ്റു ലാഭമെടുക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,700 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് കേരളത്തില്‍ പവന് 32,320 രൂപ വരെ വിലയെത്തി. ഗ്രാമിന് 4,040 രൂപയുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം 3.6% വിലയിടിവാണുണ്ടായത്. വില 1,555 ഡോളര്‍ വരെ എത്തിയിരുന്നു. നിലവില്‍ ട്രോയ് ഔണ്‍സിന് 1,585 ഡോളറാണു വില.

രൂപയുടെ മൂല്യം ഡോളറിനെതിരെ 74.52 വരെ എത്തിയതും സ്വര്‍ണവിലയെ ബാധിച്ചു. നാലു ദിവസംകൊണ്ടു പവന്‍ വിലയില്‍ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ദേശീയ ബുള്യന്‍ വിപണിയില്‍ സ്വര്‍ണവില ഒരു ശതമാനം ഇടിഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവരായ ഇന്ത്യയുടെയും ചൈനയുടെയും വാങ്ങല്‍ ശക്തി കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളില്‍ ദിവസവും വലിയ നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്കു നിക്ഷേപകര്‍ മടങ്ങിയെത്താനാണു സാധ്യത.

pathram:
Leave a Comment