കൊറോണ: പത്തനംതിട്ട ജില്ലയിലെ രണ്ടു ആശുപത്രികള്‍ പൂര്‍ണമായും ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നു, കോടതികള്‍ക്ക് 13 വരെ അവധി

പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. ഭീതി വര്‍ധിച്ചുവരുന്നതിനിടെ വിപുലമായ പ്രതിരോധ നടപടികളാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ജില്ലയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന രണ്ടു ആശുപത്രികള്‍ പൂര്‍ണമായും ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം.

റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റുന്നത്. ഇതുസംബന്ധിച്ച് മാനേജുമെന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

റാന്നിയിലെ അയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ആശുപത്രി എന്നീ ആശുപത്രികളാണ് താത്ക്കാലിക ക്യാംപുകളാക്കി മാറ്റുന്നത്. കൊറോണ ബാധയില്‍ മൂവായിരത്തോളം പേര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തിലുള്ള സാഹചയ്രത്തിലാണ് കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്.
കൊറോണ ഭീതിയില്‍ പത്തനംതിട്ടയിലെ കോടതികള്‍ക്ക് 13 വരെ അവധി നല്‍കി. ജില്ലാ കോടതിയില്‍ റഗുലര്‍ സിറ്റിങ്ങ് 13 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേയ്ക്ക് അവധി നല്‍കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment