നിങ്ങളുടെ കുട്ടിക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ..? അഫിലിയേഷനില്ലാതെ സംസ്ഥാനത്ത് 600 സ്‌കൂളുകള്‍

കൊച്ചി: നമ്മുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിന് അഫിലിയേഷനുണ്ടോ..? ഇപ്പോഴാണ് പല രക്ഷിതാക്കളും ഇതിനെ കുറിച്ച് ആലോചിക്കുന്നത്. കാരണം ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ മട്ടാഞ്ചേരിയിലെ അരൂജ സ്‌കൂളില്‍ 34 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇതേ സാഹചര്യം വന്നേക്കാവുന്ന മറ്റ് വിദ്യാലയങ്ങള്‍ കേരളത്തില്‍ ഉണ്ടാ..? കണക്കുകള്‍ എങ്ങിനെയാണെന്ന് നോക്കാം…

സംസ്ഥാനത്ത് സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ അറുനൂറിലേറെ എണ്ണത്തിനും അഫിലിയേഷനില്ലെന്നു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. സംസ്ഥാന സര്‍ക്കാര്‍ പുതിയ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി. നല്‍കുന്നില്ല. സി.ബി.എസ്.ഇയാകട്ടെ മൂന്നുവര്‍ഷമായി പുതിയ അഫിലിയേഷനും നല്‍കുന്നില്ല. അഫിലിയേഷന്‍ കാത്ത് 650 അപേക്ഷകള്‍ ഡല്‍ഹിയിലെ സി.ബി.എസ്.ഇ. ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്. പത്തുവര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മൂവാറ്റുപുഴയിലെ വി.എം. പബ്ലിക് സ്‌കൂളിന് അഫിലിയേഷന്‍ ലഭിക്കാതെ വന്നതോടെ സ്‌കൂള്‍ പൂട്ടേണ്ടിവന്നത് കഴിഞ്ഞവര്‍ഷമായിരുന്നു. ഇവിടെനിന്ന് കുട്ടികള്‍ പിന്നീട് മറ്റു സിലബസിലുള്ള സ്‌കൂളുകളിലേക്ക് മാറിയാണ് വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കിയത്.

ഗ്രാമീണ മേഖലകളില്‍ മാത്രം പുതിയ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത് നിലവില്‍ ഒരു നിയോജകമണ്ഡലത്തില്‍ ശരാശരി 15 സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഉണ്ട്. പൊതുവിദ്യാഭ്യാസമേഖലയില്‍ ആയിരക്കണക്കിനു സ്‌കൂളുകളും ചേരുന്നതോടെ സംസ്ഥാനത്ത് പുതിയ സ്‌കൂളുകളുടെ തന്നെ പ്രസക്തിതന്നെ നഷ്ടമായിക്കഴിഞ്ഞു. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അഫിലിയേഷന്‍ ലഭിക്കാതിരിക്കാന്‍ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്.

നിലവില്‍ അഫിലിയേഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ ഒമ്പതാം ക്ലാസ് മുതല്‍ അഫിലിയേഷനുള്ള സ്‌കൂളുകളില്‍ പഠിക്കുന്നതായി കാണിച്ച് രജിസ്റ്റര്‍ ചെയ്താണ് വര്‍ഷാവസാന ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നത്. സംസ്ഥാനത്തെ പ്രമുഖ മാനേജ്‌മെന്റുകള്‍ക്കു പോലും അഫിലിയേഷനില്ലാത്ത അനവധി സ്‌കൂളുകള്‍ ഉണ്ട്. ഇവിടുള്ളവരെ തങ്ങളുടെ അഫിലിയേഷനുള്ള സ്‌കൂളുകളുമായി ബന്ധിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിട്ടാണ് ഇത്തരം സ്‌കൂളുകള്‍ പരീക്ഷാ കടമ്പ കടത്തിവിടുന്നത്.

രക്ഷാകര്‍ത്താക്കള്‍ക്കു പോലും അഫിലിയേഷനുള്ള സ്‌കൂളുകള്‍ ഏതെന്ന് അറിയാത്ത സാഹചര്യവുമുണ്ടെന്നും സി.ബി.എസ്.ഇ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അരൂജ സ്‌കൂളിലും ഇതാണ് സംഭവിച്ചത്. മുമ്പു ചെയ്തിരുന്നതുപോലെ കുട്ടികളെ മറ്റു സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യിച്ച് പരീക്ഷ എഴുതിക്കാമെന്നായിരുന്നു അരൂജ മാനേജ്‌മെന്റ് കരുതിയിരുന്നത്. എന്നാല്‍, ഇതിനു കഴിയാതെവരികയായിരുന്നു. സ്‌കൂളുകള്‍ തമ്മിലുള്ള ഭിന്നതയാണിതിനു പിന്നിലെന്നാണു സൂചന.

1450 സി.ബി.എസ്.ഇ സ്‌കൂളുകള്‍ സി.ബി.എസ്.ഇ. ബോര്‍ഡിന്റെ അഫിലിയേഷനോടുകൂടി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ സ്‌കൂളുകളില്‍ പഠനം തുടരുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂള്‍ ചരിത്രത്തിലാദ്യമായിട്ടാണ് അഫിലിയേഷന്‍ ഇല്ലാത്ത സ്‌കൂളില്‍ പഠിച്ച 34 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതെ വന്നിട്ടുള്ളത്. ഇത് സി.ബി.എസ്.ഇയ്ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കിയെന്നാണ് അഫിലിയേറ്റഡ് സ്‌കൂളുകളുടെ സംഘടനയായ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ വിലയിരുത്തല്‍.

pathram:
Leave a Comment