ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. ഇവരില്‍ ഒരാള്‍ ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളും മൂന്നുപേര്‍ സാധാരണക്കാരുമാണ്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണ്. ഗോകുല്‍പുരിയില്‍ വെച്ചാണ് ഡി.സി.പി. റാങ്കിലുള്ള ഇദ്ദേഹത്തിന് പരിക്കേറ്റത്.
ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനാണ് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് രത്തന്‍. മരിച്ച സാധാരണക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സെക്ഷന്‍ 144 പ്രകാരം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്ക് തീയിടുകയുമായിരുന്നു. ഭജന്‍പുര, മൗജ്പുര്‍,ജാഫറബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇവയുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജാഫറാബാദിലെ സംഘര്‍ഷത്തിനിടെ നിരായുധനായി നില്‍ക്കുന്ന പോലീസ് ഓഫീസറുടെ അടുക്കലേക്ക് കയ്യില്‍ തോക്കുമായി ഒരു യുവാവ് ഓടിച്ചെല്ലുന്നത് ഉള്‍പ്പെടെയുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും കാണാം.
പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
Leave a Comment