രാവിലെ 320, ഉച്ചയ്ക്ക് 200; ഇന്ന് മൊത്തം കൂടിയത് 500 രൂപ; സ്വര്‍ണവില കുതിക്കുന്നു.., പവന് 32,000 ആയി

റെക്കോഡുകള്‍ ഭേദിച്ച് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയുംകൂടി 32,000 രൂപയായി. ഇതോടെ ഗ്രാമിന്റെ വില 4000 രൂപയുമായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 2,080 രൂപയാണ് കൂടിയത്.

ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,678.58 ഡോളറായി.

ചൈനയിയില്‍ കൊറോണ വൈറസ് ബാധയാണ് വിലവര്‍ധനയെ സ്വാധീനിച്ചത്. വ്യാവസായ വളര്‍ച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം. മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടാറുണ്ട്.

pathram:
Related Post
Leave a Comment