രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യമന്ത്രി

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിശോധനാഫലം പോസിറ്റീവ് ആകാനുള്ളത് സാധ്യതമാത്രമാണ്. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനുവരി 24-ാം തീയതി വുഹാനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ ശരീരസ്രവങ്ങളുടെ പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി. എന്നാല്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള അന്തിമഫലം ലഭിച്ചിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഇത് ലഭിക്കുമെന്നും അപ്പോള്‍ മാത്രമാണ് കൊറോണ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്ന് നാട്ടിലെത്തിയവരുമായി ഇടപഴകിയ വീട്ടുകാരേയും ഹോം ക്വാറന്റൈന്‍ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ഭൂരിഭാഗം പേരും ആരോഗ്യവകുപ്പുമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്ന് അയച്ച 59 സാംപിളുകളില്‍ 24 എണ്ണത്തിന്റെ റിസള്‍ട്ട് ലഭിച്ചു. അതില്‍ ഒരെണ്ണം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീന്‍സില്‍ ഒരാള്‍ മരിച്ചു. വുഹാനില്‍ നിന്ന് ഫിലിപ്പീന്‍സില്‍ മടങ്ങിയെത്തിയ 44കാരനാണ് മരിച്ചത്. ചൈനയ്ക്ക് പുറത്ത് ആദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പനിയും ചുമയും തൊണ്ടവേദനയും രൂക്ഷമായതിനെ തുടര്‍ന്നാണ് ഇയാള്‍ ആുപത്രിയില്‍ ചികിത്സ തേടിയത്. ഫെബ്രുവരി ഒന്നിനാണ് ഇയാള്‍ മരിച്ചത്. ഫിലിപ്പീന്‍സില്‍ കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയായിരുന്നു ഇയാള്‍.

pathram:
Related Post
Leave a Comment