ടൂറിസ്റ്റ് ബസുകള്‍ക്ക് എട്ടിന്റെ പണി കിട്ടി..!!!

ടൂറിസ്റ്റുബസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടേതാണ് തീരുമാനം.

ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ നടപടി. നിയന്ത്രണമില്ലാത്തതിനാല്‍ മോഡലുകളുടേയും സിനിമാ താരങ്ങളുടേയും ഉള്‍പ്പെടെ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുടമകള്‍ ബസില്‍ പരിച്ചിരുന്നത്. ഒരു വിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏകീകൃത നിറം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കിയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ താരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതെ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണിഫോം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ടൂറിസ്റ്റ് ബസുകള്‍ക്ക് ഒരൊറ്റ നിറമാണ് പരിഗണിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടും ചാര നിറത്തിലെ വരയും മാത്രമേ പാടുള്ളു. മറ്റ് നിറങ്ങളോ എഴുത്തോ ചിത്രപ്പണികളോ അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ടൂറിസ്റ്റ് എന്ന് മാത്രമേ എഴുതാന്‍ പാടുള്ളൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തിലെഴുതാം.

ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ള നിറമാണ് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. ചാര നിറത്തിലെ വരയ്ക്ക് പത്ത് സെന്റി മീറ്റര്‍ വീതിയാണ്. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം.

pathram:
Leave a Comment