തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.
ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കൊറോണ പശ്ചാത്തലത്തില്‍ വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്ക് പുറമേ നിലവില്‍ ഒമ്ബത് പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.
ഇതിനിടെ കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ലോക ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213ലെത്തിയതായി ചൈനയിലെ ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചെങ്കിലും ചൈന ഒഴികെയുള്ള രാജ്യങ്ങളിലൊന്നും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Leave a Comment