തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരും ഭീതി പരത്തരുതെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രി കെ.കെ. ശൈലജ വ്യാഴാഴ്ച വൈകീട്ടോടെ തൃശ്ശൂരിലെത്തും. ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. മന്ത്രിയുടെ അധ്യക്ഷതയില്‍ തൃശ്ശൂരില്‍ വൈകീട്ട് ഉന്നതതല യോഗവും ചേരുന്നുണ്ട്.
കേരളത്തില്‍നിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. കൊറോണ സംശയിച്ച് ഐസലേറ്റ് ചെയ്ത നാലുപേരില്‍ ഒരാള്‍ക്കാണ് രോഗ ബാധ. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. രോഗി നിലവില്‍ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡിലാണ്. ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.
വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല. ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.
ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. 134 പേര്‍ കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പറും വിശദവിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പറില്‍ വിളിച്ചാല്‍ കിട്ടും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി ചൈനയില്‍പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Leave a Comment