കൊറോണ വൈറസ്; കേരളത്തില്‍ 806 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയില്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒന്പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പത്തു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ ഫലം വരാനുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. 134 പേര്‍ കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ചൈനയില്‍നിന്നു വരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയംപ്രതിരോധം തീര്‍ക്കണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പറും വിശദവിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പറില്‍ വിളിച്ചാല്‍ കിട്ടും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി ചൈനയില്‍പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

pathram:
Leave a Comment