കൊറോണ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിരോധ നടപടികള്‍ കേന്ദ്രം സ്ഥീരികരിച്ചിട്ടുണ്ടെന്നും ചൈനയില്‍നിന്ന് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തി സുരക്ഷാ മുന്നൊരുക്കം നടത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തിരിച്ചെത്തിയ വുഹാന്‍ സര്‍വകലാശാല വിദ്യാര്‍ഥിക്കാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ പതിനേഴോളം രാജ്യങ്ങളില്‍ നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒന്പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പത്തു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അഞ്ച് പേരുടെ ഫലം വരാനുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. 134 പേര്‍ കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ചൈനയില്‍നിന്നു വരുന്നവര്‍ മറ്റു സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയംപ്രതിരോധം തീര്‍ക്കണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പറും വിശദവിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പറില്‍ വിളിച്ചാല്‍ കിട്ടും. സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍നിര്‍ത്തി ചൈനയില്‍പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment