സൈമര്‍ രജതജൂബിലി ആഘോഷം 26 ന്; ആറ് വനിതകളെ ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകീട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്മവിഭൂഷണ്‍ ശ്രീ. ഇ. ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ശ്രീ. ഹൈബി ഈഡന്‍ എംപി, ശ്രീ. ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ശ്രീ. എസ്. സുഹാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. രജത ജൂബിലിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറ് വനിതകളെ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. സൈമര്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പരശുറാം ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

പ്രമുഖ എഴുത്തുകാരിയും സാഹിത്യനിരൂപകയുമായ ഡോ. എം. ലീലാവതി, പ്രമുഖ ബ്യൂട്ടീഷ്യനും ഫാഷന്‍ വിദഗ്ധയുമായ അംബിക പിള്ള, സിനിമാതാരം മംത മോഹന്‍ദാസ്, വ്യവസായ പ്രമുഖ ഷീല ചിറ്റിലപ്പിള്ളി, ജസ്റ്റിസ് കെ.കെ. ഉഷ, ഡോ. വിജയലക്ഷ്മി എന്‍.പി എന്നിവര്‍ക്ക് ശ്രീ. ഇ. ശ്രീധരന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു. ചടങ്ങില്‍ വന്ധ്യത വിമുക്ത കേരളം ലോഗോയുടെ പ്രകാശനം ഹൈബി ഈഡന്‍ എംപിയും പ്രസവാനന്തര ഡിപ്രഷനെക്കുറിച്ച് ആശുപത്രി തയ്യാറാക്കിയ മ്യൂസിക് വീഡിയോയുടെ പ്രകാശനം ടി.ജെ. വിനോദ് എംഎല്‍എയും നിര്‍വഹിക്കും. സൈമര്‍ ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും എടപ്പാള്‍ ഹോസ്പിറ്റല്‍സിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. കെ.കെ. ഗോപിനാഥന്‍, ശ്രീമതി ചിത്ര ഗോപിനാഥ്, സിഇഒ ഗോകുല്‍ ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.

1990-ല്‍ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആരംഭിച്ച എടപ്പാള്‍ ഹോസ്പിറ്റലിന്റെ വന്ധ്യതാ ചികിത്സാ വിഭാഗമാണ് സൈമര്‍. 1998-ല്‍ കേരളത്തിലെ ആദ്യത്തെ ഇക്‌സി ടെസ്റ്റ്യൂബ് ശിശു ഇവിടെ ജനിച്ചു. ഇന്ത്യയില്‍ തന്നെ അപൂര്‍വം സെന്ററുകളില്‍ മാത്രമുള്ള ജനനത്തിന് മുമ്പ് തന്നെ ഏതെങ്കിലും പ്രത്യേക ജനിതക അവസ്ഥ കണ്ടെത്താനായി ഭ്രൂണത്തില്‍ നടത്തുന്ന പരിശോധനയായ പ്രീ-ഇന്‍പ്ലാന്റേഷന്‍ ജനറ്റിക് ഡയഗ്‌നോസിസിലൂടെ (പിജിഡി) ദക്ഷിണേന്ത്യയിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചതും ഇവിടെയാണ്. 2019-ഓടെ തന്നെ എടപ്പാള്‍ ഹോസ്പിറ്റലില്‍ ഒരു ലക്ഷം പ്രസവം പൂര്‍ത്തിയായിരുന്നു. 700-ഓളം ഇരട്ടകുട്ടികള്‍, 300-ലധികം ട്രിപ്പ്‌ലറ്റുകള്‍, അപൂര്‍വമായി നാല് കുട്ടികള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. വന്ധ്യത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് സൈമറിലെ വിവിധ ചികിത്സകളിലൂടെ സന്താന സൗഭാഗ്യം ലഭിച്ചിട്ടുണ്ട്.

10 വര്‍ഷം മുമ്പ് 2010-ലാണ് സൈമര്‍ കൊച്ചിയില്‍ ആശുപത്രി ആരംഭിച്ചത്. പ്രത്യേകം തെരഞ്ഞെടുത്ത പുരുഷബീജം കുത്തിവെക്കുന്ന ഐഎംഎസ്‌ഐ ചികിത്സയിലൂടെ കേരളത്തിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചത് ഇവിടെയാണ്.

2000-ല്‍ സൈമറില്‍ ആരംഭിച്ച ഗര്‍ഭസ്ഥ ശിശുരോഗ വിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ്. ജനിതക ചികിത്സാ രംഗത്തും സൈമറിന്റെ സേവനം ഏറെ പ്രശംസാര്‍ജിച്ചിട്ടുള്ളതാണ്. പരിചയസമ്പത്ത് കൊണ്ടും അത്യാധുനിക ചികിത്സകളുടെ ലഭ്യതകൊണ്ടും ഇന്ത്യയിലെ തന്നെ മികച്ച വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് സൈമര്‍.

അക്കാദമിക് രംഗത്തും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രാജ്യത്ത് തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന കോഴ്‌സുകള്‍ നടത്തി വരുന്നുണ്ട്. എംഡിക്ക് തുല്യമായ ഡിഎന്‍ബി (ഡിപ്ലോമാറ്റ് ഇന്‍ നാഷണല്‍ ബോര്‍ഡ്) കോഴ്‌സ് കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തി വരുന്നു. ഇതിന് പുറമേ റീപ്രൊഡക്റ്റിവ് മെഡിസിന്‍, ഫീറ്റോമെറ്റേണല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നാഷണല്‍ ബോര്‍ഡ് അംഗീകൃത എഫ്എന്‍ബി കോഴ്‌സും (ഫെല്ലോഷിപ്പ് ഇന്‍ നാഷണല്‍ ബോര്‍ഡ്) ഇവിടെ നല്‍കപ്പെടുന്നു. ഈ മൂന്ന് കോഴ്‌സുകളും നല്‍കുന്ന ഇന്ത്യയിലെ ഏക സെന്ററാണ് സൈമര്‍. ഫോഗ്‌സി അംഗീകൃത ലാപ്രോസ്‌കോപ്പി, അഡ്വാന്‍സ്ഡ് ഇന്‍ഫെര്‍ട്ടിലിറ്റി, ഫീറ്റല്‍ മെഡിസിന്‍ എന്നിവയില്‍ ഡോക്ടര്‍മാരുടെ ട്രെയിനിങ് സെന്റര്‍ കൂടിയാണ് സൈമര്‍. കഴിഞ്ഞ 25 വര്‍ഷമായി എടപ്പാള്‍ ഹോസ്പിറ്റലില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആയിരത്തിലധികം ഡോക്ടര്‍മാര്‍ ഇതുവരെ പരിശീലനം നേടി കഴിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രെയിനിങ് നല്‍കിയ അംഗീകാരവും സൈമര്‍ ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും എടപ്പാള്‍ ഹോസ്പിറ്റല്‍സിന്റെയും സ്ഥാപക ചെയര്‍മാന്‍ ഡോ. കെ.കെ. ഗോപിനാഥന് ലഭിച്ചിട്ടുണ്ട്. ദേശീയ, അന്താരാഷ്ട്ര തലത്തില്‍ വന്ധ്യതാ ചികിത്സ സംബന്ധിച്ച് നടന്ന സെമിനാറുകളില്‍ ഡോ. ഗോപിനാഥന്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

pathram desk 2:
Related Post
Leave a Comment