സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്

തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു വനിത നല്‍കുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനല്‍ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പോലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണ്.

കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീകള്‍ക്ക് നിയമ സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടേയോ വനിതാ സംഘടനകളുടേയോ രണ്ടുകൂട്ടരുടേയുമോ സഹായവും ലഭ്യമാക്കണം. കുറ്റകൃത്യത്തിന് വിധേയയാകുന്ന സ്ത്രീ താല്‍ക്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് കുറ്റകൃത്യത്തിന് വിധേയയായ സ്ത്രീയുടെ വീട്ടില്‍ വച്ചോ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം. ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടേയോ ഇന്റര്‍പ്രട്ടറുടേയോ മെഡിക്കല്‍ ഓഫീസറുടേയോ സാന്നിധ്യത്തില്‍ വേണം വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.

ഈ വിവരശേഖരണം കഴിയുന്നതും വീഡിയോയില്‍ പകര്‍ത്തേണ്ടതാണ്. ക്രിമിനല്‍ നടപടി നിയമ സംഹിത 161(3) വകുപ്പു പ്രകാരമുളള മൊഴി ഓഡിയോ വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്യാവുന്നതാണ്. വനിതകള്‍ നല്‍കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല.

ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 161(1) വകുപ്പിന്റെ പ്രോവിസോ പ്രകാരം ഒരു സ്ത്രീയേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല. മാത്രമല്ല അവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചായിരിക്കുകയും വേണം. കേസന്വേഷണവും ചോദ്യം ചെയ്യലും നടത്തുന്ന ഉദ്യോഗസ്ഥര്‍ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ അവകാശങ്ങളെ മാനിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചില ഉദ്യോഗസ്ഥര്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

pathram:
Leave a Comment