കൊച്ചി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ, ടെലിവിഷന്‍ സീരിയല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അന്വേഷണവും വിചാരണയും പൂര്‍ത്തിയാവുന്നതിനു മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്യുന്നതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ സംപ്രേഷണം തുടങ്ങിയ സീരിയലില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇതു കേസിലെ സാക്ഷികളെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. നേരത്തെ കൂടത്തായി കൊലപാതക പരമ്പരയെ പ്രമേയമാക്കിയുള്ള സിനിമയുടെയും സീരിയലിന്റെ നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
പൊന്നാമറ്റം തറവാട്ടിലെ രഞ്ജി തോമസും ജോളിയുടെ മക്കളും സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി മുന്‍സിഫ് കോടതി ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസയച്ചത്. കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സ്വകാര്യ ചാനല്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
Leave a Comment