ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ചോദ്യംചെയ്ത് വിവിധ പ്രതിപക്ഷപ്പാര്‍ട്ടികളും നേതാക്കളുമുള്‍പ്പെടെ ഫയല്‍ ചെയ്ത 130-ലധികം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഇവ പരിഗണിക്കുക. പൗരത്വ നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും ഇതേ ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നുണ്ട്.
സി.എ.എയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബര്‍ 18-ന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ വിരുദ്ധവും മത വിവേചനം പ്രോത്സാഹിപ്പിക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനിലെ അഹ്മദിയാ വിഭാഗം, മ്യാന്‍മറിലെ റോഹിംഗ്യകള്‍ ശ്രീലങ്കയിലെ തമിഴര്‍ തുടങ്ങിയ വിഭാഗങ്ങളേയും നിയമത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ട് ഇന്ന് പരിഗണനയ്ക്കു വരില്ല.
Leave a Comment