കുലുങ്ങാതെ അമിത്ഷാ; പ്രതിഷേധം തുടരാം, പൗരത്വ നിയമത്തില്‍നിന്ന് പിന്മാറില്ല

രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിട്ടും കുലുങ്ങാതെ ആഭ്യന്തര മന്ത്രി അമിത്ഷാ. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവില്‍ ഈ വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. പ്രതിഷേധിക്കേണ്ടവര്‍ക്ക് അത് തുടരാം’, ഇതായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷത്തിന് യാഥാര്‍ഥ്യം തിരിച്ചറിയാനാകുന്നില്ല, കാരണം വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. പ്രശസ്ത ഉര്‍ദു കവികളായ മുനവ്വര്‍ റാണ, സൗമ്യ റാണ, ഫൗസിയ റാണ എന്നിവരുടെ മക്കളടക്കം ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയാണ് ക്രിമിനല്‍ കേസെടുക്കാനാധാരമെന്ന് പറയുന്നു. പ്രതിഷേധക്കാര്‍ വനിതാ പോലീസിനോട് മോശമായി പെരുമാറിയെന്നും തള്ളിമാറ്റിയെന്നും ആരോപിച്ച് കലാപം, നിയമ വിരുദ്ധ സമ്മേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുടെ ഭക്ഷണവും പുതപ്പുകളും പോലീസ് പിടിച്ചെടുത്തതായും ആരോപണമുണ്ട്. എന്നാല്‍ ഇത് ആദ്യം നിഷേധിച്ച പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പുതപ്പും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. അതേ സമയം ക്ലോക്ക് ടവറിലെ അനിശ്ചിത കാല സമരത്തിനിടെ പൊതുമുതല്‍ നശീകരണ പ്രവര്‍ത്തനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pathram:
Related Post
Leave a Comment