അദ്നന്‍ സാമി, തസ്ലീമ നസ്റീന്‍.., ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി നിര്‍മലാ സീതാരാമന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധം അരങ്ങേറുമ്പോള്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പൗരത്വം നല്‍കിയതിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പാകിസ്താനില്‍ നിന്നുള്ള രണ്ടായിത്തിലധികം ആളുകള്‍ക്ക് പൗരത്വം നല്‍കിയെന്നും അഭയാര്‍ഥികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.

‘കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മുസ്ലീങ്ങളടക്കമുളള 2838 പാകിസ്താനി അഭയാര്‍ഥികള്‍, 914 അഫ്ഗാനി അഭയാര്‍ഥികള്‍, 172 ബംഗ്ലാദേശ് അഭയാര്‍ഥികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്.

2014 വരെ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 566 മുസ്ലീങ്ങള്‍ക്കാണ് പൗരത്വം നല്‍കിയിട്ടുള്ളത്. 2016-18 കാലഘട്ടത്തില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് 1595 പാകിസ്താനി കുടിയേറ്റക്കാര്‍ക്കും 391 അഫ്ഗാനിസ്താന്‍ മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. 2016-ല്‍ അതേ കാലയളവില്‍ തന്നെയാണ് പാക് ഗായകനായ അദ്നന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. ഇത് ഒരു ഉദാഹരണമാണ്. തസ്ലീമ നസ്റീന് പൗരത്വം നല്‍കിയത് മറ്റൊരു ഉദാഹരണമാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ക്യാമ്പുകളിലായി കിഴക്കന്‍ പാകിസ്താനില്‍ നിന്നെത്തിയ നിരവധി പേര്‍ പാര്‍ക്കുന്നുണ്ടെന്നും കഴിഞ്ഞ അമ്പത് അറുപത് വര്‍ഷങ്ങളായി അവരവിടെത്തന്നെയാണെന്നും പറഞ്ഞ കേന്ദ്രമന്ത്രി അവരുടെ അവസ്ഥ പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു.

‘ആ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയാല്‍ നിങ്ങള്‍ കരഞ്ഞുപോകും. ഇതേ സാഹചര്യം തന്നെയാണ് ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തിലുമുള്ളത്. അടിസ്ഥാനപരമായ പല ആവശ്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആരുടെയും പൗരത്വം റദ്ദാക്കാനല്ല ശ്രമിക്കുന്നത് മറിച്ച് അവര്‍ക്ക് പൗരത്വം നല്‍കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കുറേക്കൂടി മികച്ച ഒരു ജീവിതം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.’

ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും പുതുക്കുമെന്നും എന്‍ആര്‍സിയുമായി അതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനമില്ലാതെ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ചെന്നൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

pathram:
Leave a Comment