ന്യൂഡൽഹി• ജെഎൻയുവിൽ ആക്രമണം നടത്തിയ ഒൻപതു പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ഇവരിൽ വിദ്യാർഥി യൂണിയൻ ചെയർമാൻ ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. എഐഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരും അക്രമം നടത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു.
പെരിയാർ, സബർമതി ഹോസ്റ്റലിൽ ആക്രമണം നടത്തിയത് ഇവരാണെന്നാണ് പൊലീസ് പറയുന്നത്. ജെഎൻയുവിൽ റജിസ്ട്രേഷന് എത്തിയവരെ ഇടതു വിദ്യാർഥി സംഘടനാ പ്രവർത്തകർ തടഞ്ഞു. ജനുവരി ഒന്നു മുതൽ അഞ്ചു വരെ ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് തുടങ്ങിയ ഇടതു സംഘടനകൾ ഇതിനെ എതിർത്ത് രംഗത്തുവന്നതായും പൊലീസ് അറിയിച്ചു. വിദ്യാർഥികൾ സെർവർ റൂമും തകർത്തെന്നാണു പൊലീസ് പറയുന്നത്.
ജെഎൻയുവിലെ അക്രമവുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്. സംഭവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, ജെഎൻയുവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സെമസ്റ്റർ റജിസ്ട്രേഷന്റെ സമയ പരിധി ആവശ്യമെങ്കിൽ നീട്ടുമെന്നും വിസി അറിയിച്ചു. ഫീസ് വർധനയിൽ മാറ്റം വരുത്തുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തില്‍ നിന്ന് ഉറപ്പു ലഭിച്ചതായി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു.
Leave a Comment