അഞ്ച് ലക്ഷം നഷ്ട പരിഹാരം നല്‍കാനാവില്ലെന്ന് പറഞ്ഞ ബാങ്കിനോട് 10 ലക്ഷം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: അവകാശപ്പെട്ട ജോലിക്കായി 18 വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു യുവാവിന് ഒടുവില്‍ ആശ്വാസം. യുവാവിന് ജോലിയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാതെ ബാങ്ക് വീണ്ടും തുടര്‍ച്ചയായി അപ്പീലുകള്‍ നല്‍കി യുവാവിനെ വീണ്ടും വട്ടം ചുറ്റിച്ചു. സഹികെട്ട് ബാങ്കിന് എട്ടിന്റെ പണി കൊടുത്ത് ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ ബാങ്കിനോട് 10 ലക്ഷം രൂപ യുവാവിന് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

അര്‍ഹതയുണ്ടായിട്ടും ജോലി നല്‍കാതെ അപ്പീല്‍ നല്‍കി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയ കനറാ ബാങ്കിന്റെ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി വിധി മറികടന്ന് ഒന്നര പതിറ്റാണ്ടിലേറെ ആശ്രിത നിയമനം നിഷേധിക്കപ്പെട്ട അജിത്തിനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അനുകൂല വിധി ലഭിച്ചിരിക്കുന്നത്. ജോലി നല്‍കാതെ അപ്പീലുകളിലൂടെ കോടതി ഉത്തരവ് നീട്ടിക്കൊണ്ട് പോയ കാനറാ ബാങ്ക് ഇപ്പോള്‍ ശരിക്കും വെട്ടിലാവുകയും ചെയ്തു. ആശ്രിത നിയമനം നിഷേധിക്കപ്പെട്ട യുവാവിനു ജോലിയും 5 ലക്ഷം രൂപ കോടതിച്ചെലവും നല്‍കണമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ കാനറാ ബാങ്ക് അപ്പീല്‍ നല്‍കി. കഴിഞ്ഞ 18 വര്‍ഷമായി അപ്പീലിന്റെ പേരില്‍ യുവാവിനെ വട്ടം കറക്കുകയാണ് ബാങ്ക് ചെയ്തത്. പ്രായപരിധി കഴിഞ്ഞെന്നും കുടുംത്തിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും തുടങ്ങി മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞാണ് കാനറാ ബാങ്ക് യുവാവിനെ 18 വര്‍ഷമായി വട്ടം ചുറ്റിച്ചത്.

2001 ഡിസംബറില്‍ ജോലിയിലിരിക്കെ മരണപ്പെട്ട ഗോപാലകൃഷ്ണന്റെ മകന്‍ കൊല്ലം അയത്തില്‍ ജി.കെ. അജിത്കുമാര്‍ 2002 ജനുവരിയില്‍ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് തള്ളിയതോടെയാണ് സംഭവത്തിന് തുടക്കം. യുവാവ് നല്‍കിയ പുനഃപരിശോധനാ ആവശ്യവും ബാങ്ക് തള്ളി. തുടര്‍ന്നു ഹര്‍ജി നല്‍കിയപ്പോള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും പ്രായപരിധി കഴിഞ്ഞെന്ന കാരണത്താല്‍ വീണ്ടും ബാങ്ക് തള്ളുകയായിരുന്നു. അപേക്ഷ നല്‍കുമ്പോള്‍ നിയമന പ്രായ പരിധിയായ 26 വയസ്സും 8 മാസമാണു അജിത്തിന് ഉണ്ടായിരുന്നത്. തുടര്‍ന്നു അജിത്തും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു. എന്നിട്ടും ജോലി നല്‍കാന്‍ ബാങ്ക് തയ്യാറായില്ല.

കുടുംബ പെന്‍ഷന്‍ ഉണ്ടെന്നും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ബാങ്ക് വാദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും മൂന്ന് സഹോദരിമാര്‍ വിവാഹിതരാണെന്നും ഹര്‍ജിക്കാരനു പ്രായം കടന്നുവെന്നുമുള്ള കാരണങ്ങളും നിരത്തി.

എന്നാല്‍, ആശ്രിത നിയമന കാര്യത്തില്‍ പ്രായപരിധിയില്‍ ഇളവ് ആകാമെന്ന വ്യവസ്ഥ ബാങ്ക് പരിഗണിച്ചല്ലെന്ന് കോടതി വ്യക്തമാക്കി. ആശ്രിത നിയമനത്തിന് അതിന്റെ വ്യവസ്ഥകള്‍ മാത്രം പിന്തുടര്‍ന്നാല്‍ മതി. കുടുംബത്തിനു കിട്ടുന്ന പെന്‍ഷനും ആനുകൂല്യങ്ങളും കുടുംബത്തിന്റെ അംഗബലവും വിവാഹിതരുടെ എണ്ണവും മരിച്ച ജീവനക്കാരനു ബാക്കിയുള്ള സര്‍വീസ് കാലാവധിയും മറ്റും പ്രസക്തമല്ലെന്നും കോടതി വിധികള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.

18 വര്‍ഷമായി തൊഴില്‍ നിഷേധിക്കപ്പെട്ട ഹര്‍ജിക്കാരന് ഇപ്പോള്‍ 44 വയസ്സായി. അപ്പീല്‍ അവകാശം നീതി വൈകിപ്പിക്കാനുള്ള മാര്‍ഗമാക്കരുത്. അപ്പീല്‍ നല്‍കിയതിലൂടെ നിയമനം വീണ്ടും വൈകിച്ചു. ആശ്രിത നിയമന പദ്ധതി കുടുംബത്തിനു നല്‍കുന്ന വാഗ്ദാനം നിസ്സാര കാരണങ്ങളാല്‍ നിഷേധിച്ചു. എന്നീ കാരണങ്ങള്‍ എടുത്ത് പറഞ്ഞ് കൊണ്ട് മുന്‍പു നിര്‍ദേശിച്ചതിനു പുറമേ 5 ലക്ഷം കൂടി ചെലവു ചുമത്തുകയാണെന്ന് കോടതി വ്യക്തമാക്കി.

ഇതോടെ യുവാവിന് സബ് സ്റ്റാഫ് ആയി ജോലിയും 10 ലക്ഷം രൂപയും ഒരു മാസത്തിനകം ബാങ്ക് നല്‍കണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രണ്ട് ഹര്‍ജികളില്‍ കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും 18 വര്‍ഷമായി കക്ഷി തൊഴില്‍ രഹിതനായി തുടരുകയാണെന്നു വിലയിരുത്തിയാണ് കോടതി നടപടി.

pathram:
Leave a Comment