സൗജന്യ നെറ്റ് ഉപയോഗം ഈ മാസം കൂടി മാത്രം

ഏതു നേരവും നെറ്റില്‍ നോക്കി ഇരിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകളുടെ വരവിനൊപ്പം സൗജന്യ ഇന്റര്‍നെറ്റും കോളും ഓഫറുകളായി ലഭിച്ചതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഇത് ശീലമായവര്‍ക്ക് ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കും. കാരണം ടെലികോം കമ്പനികള്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതും ഡിസംബര്‍ മുതല്‍ തന്നെ വര്‍ധനവുണ്ടാകും എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

വന്‍തുക കുടിശ്ശികയായി വന്നതിനെ തുടര്‍ന്നാണ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികള്‍ മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കാള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. ജിയോയുടെ വരവ് മുന്‍നിര കനത്ത തിരിച്ചടിയാവുകയും ചെയ്തു. വോഡഫോണ്‍ ഐഡിയയാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലും രംഗത്തുവന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയില്ല.

എന്നാല്‍ കാള്‍ നിരക്കുകള്‍ 30 ശതമാനം മുതല്‍ 45 ശതമാനം വരെയും ഡാറ്റാ നിരക്കുകള്‍ 200 ശതമാനം വരെയും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ വര്‍ധിക്കുമെന്നാണ് സൂചന. നിരക്കുകള്‍ 10 ശതമാനം കൂട്ടുകയും വരിക്കാരെ നില നിര്‍ത്തുകയും ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് മാസം കൊണ്ട് ഇരു കമ്പനികള്‍ക്കും 3500 കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കും.

സൗജന്യ നിരക്കുകളുമായി വിപണിയിലെത്തിയ ജിയോ അടുത്തിടെ മിനിറ്റിന് 6 പൈസയായി കാള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ ടെലികോം കമ്പനികള്‍ നിശ്ചിത തുകയടക്കണമെന്ന കോടതി വിധി വന്നതോടെ എയര്‍ടെല്ലും, വൊഡാഫോണ്‍ ഐഡിയയും ആകെ 74,000 കോടി രൂപ നഷ്ടത്തിലാണ്.

നിലവില്‍ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോണ്‍ ഐഡിയയുടെ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള റീച്ചാര്‍ജ് പായ്ക്കുകള്‍ ആരംഭിക്കുന്നത്. എയര്‍ടെലിന്റെ പ്രതിമാസ പ്ലാനുകള്‍ ആരംഭിക്കുന്നത് 24 രൂപയിലാണ്. ഡേറ്റയോടുകൂടിയുള്ള പ്ലാനുകള്‍ 35 രൂപ മുതലാണ് കമ്പനി നല്‍കുന്നത്.

pathram:
Related Post
Leave a Comment