വീഡിയോകള്‍ പുറത്തിറക്കുന്നു; ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ വീണ്ടും കന്യാസ്ത്രീ

സാമൂഹികമാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുന്നുവെന്ന് ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളെ ഉപയോഗിച്ച് യു ട്യൂബ് ചാനലുണ്ടാക്കി അവയിലൂടെ അപകീര്‍ത്തികരമായ വീഡിയോകള്‍ പുറത്തിറക്കുന്നുവെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 19നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

വീഡിയോ ലിങ്കുകള്‍ ഉള്‍പ്പെടെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. തന്നെ തിരിച്ചറിയും വിധത്തിലാണ് വീഡിയോകള്‍ തയ്യാറാക്കായിരിക്കുന്നതെന്നും കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു. ‘ക്രിസ്ത്യന്‍ ടൈംസ്’ എന്ന യു ട്യൂബ് ചാനലിന്റെ പേര് പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഒരു വാര്‍ത്താക്കുറിപ്പ് ജലന്ധര്‍ രൂപത പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീ പരാതിയും നല്‍കി. ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസിന്റെ വിചാരണ നവംബര്‍ പതിനൊന്നിന് ആരംഭിക്കും. ഫ്രാങ്കോ മുളയ്ക്കല്‍ നവംബര്‍ 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് പോലീസ് സമന്‍സ് കൈമാറി.

പാലാ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. തുടര്‍ന്നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. പോലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി.

pathram:
Related Post
Leave a Comment