സുവാരസിന് ഇരട്ട ഗോള്‍; മികച്ച പ്രകടനത്തിലും ഗോള്‍ നേടാനാകാതെ മെസി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഈ സീസണിലെ ആദ്യ ജയവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റര്‍ മിലാനെതിരേ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബാഴ്സയുടെ വിജയം. സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ലൂയിസ് സുവാരസാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിച്ച് ഇന്റര്‍ ക്യാമ്പ്നൗവില്‍ മുന്നിലെത്തി. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ബാഴ്സയുടെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഇന്ററിന് ലീഡ് നിലനിര്‍ത്താനുമായി.

58-ാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്സ ഒപ്പമെത്തി. 53-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആര്‍തുറോ വിദാലിന്റെ പാസില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മികച്ചൊരു വോളിയിലൂടെ സുവാരസ് പന്ത് വലയിലെത്തിച്ചു.

പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ ലയണല്‍ മെസ്സി ഇന്റര്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് നല്‍കിയ പാസില്‍ നിന്ന് 84-ാം മിനിറ്റില്‍ സുവാരസ് ബാഴ്സയുടെ വിജയഗോള്‍ നേടി. കഴിഞ്ഞ 33 ചാമ്പ്യന്‍സ് ലീഗ് ഹോം മത്സരങ്ങള്‍ പരാജയമില്ലാതെ പൂര്‍ത്തിയാക്കാനും ബാഴ്സയ്ക്കായി. ആദ്യ മത്സരത്തില്‍ ബാഴ്സ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനോട് സമനില വഴങ്ങിയിരുന്നു. ബൊറൂസ്സിയ രണ്ടാം മത്സരത്തില്‍ സ്ലാവിയ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു.

ഗ്രൂപ്പ് എഫില്‍ ബൊറൂസ്സിയക്ക് പിറകില്‍ രണ്ടാമതാണ് ബാഴ്‌സ. ഇരു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരിയാണ് ബൊറൂസ്സിയക്ക് തുണയായത്.

pathram:
Leave a Comment