തട്ടിപ്പിലൂടെ ജോലിയില്‍ കേറിയവരെല്ലാം കുടുങ്ങും; സമീപകാലത്തെ എല്ലാ പിഎസ് സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സമീപകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്‌സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.

നിലവിലെ അവസ്ഥ തീര്‍ത്തും നിരാശാ ജനകമാണെന്ന് കോടതി നിരീക്ഷിക്കുന്നു. തട്ടിപ്പ് നടത്തി അനര്‍ഹര്‍ പട്ടികയില്‍ നുഴഞ്ഞു കയറുന്നത് തടയണം. പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം വേണം. ഇതിനായി സ്വതന്ത്രമായ, നിഷ്പക്ഷമായ അന്വേഷണം നടത്തുന്ന ഒരു ഏജന്‍സിയും വേണം – കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാരും കോടതിയില്‍ ശക്തമായി എതിര്‍ത്തു. 96 മെസ്സേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഉത്തരങ്ങളായിരുന്നു ഈ മെസ്സേജുകളെല്ലാം. രഹസ്യമായാണ് മെസ്സേജുകള്‍ കൈമാറാനുള്ള മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പരീക്ഷാ ഹാളില്‍ കടത്തിയത്. പ്രതികള്‍ക്ക് എങ്ങനെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

pathram:
Related Post
Leave a Comment