ദേശീയപാത അഥോറിറ്റി ഇനി റോഡുകള്‍ നിര്‍മിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. ദേശീയപാത നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത് മേല്‍നോട്ട ചുമതല നടത്തിയാല്‍ മതിയെന്നും പിഎംഒ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ആഗസ്റ്റ് 17ന് ദേശീയപാത അതോറിറ്റിക്ക്(എന്‍എച്ച്എഐ) പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കത്ത് നല്‍കി. ലൈവ് മിന്റ് ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആസൂത്രണമില്ലാതെ റോഡുകളുടെ നിര്‍മാണവും വികസിപ്പിക്കലും കടുത്ത ബാധ്യതയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തല്‍. ഭൂമിയേറ്റെടുക്കലിനും നിര്‍മാണത്തിനും വലിയ തുക ചെലവാകുമെന്നും കണക്കുകൂട്ടുന്നു. റോഡ് നിര്‍മാണവും വികസനവും സാമ്പത്തികമായി വലിയ ബാധ്യതയാണെന്നാണ് വിലയിരുത്തല്‍.
സ്വകാര്യനിക്ഷേപകരും നിര്‍മാണ കമ്പനികളും മറ്റ് പദ്ധതികളില്‍നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ റോഡ് നിര്‍മാണം സ്വകാര്യമേഖലക്ക് നല്‍കണം. ടോള്‍ പിരിക്കുന്നത് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയോ അടിസ്ഥാനവികസന നിക്ഷേപ ട്രസ്റ്റ് രൂപീകരിച്ച് അതുവഴിയോ ആക്കണമെന്നും ദേശീയപാത അതോറിറ്റി മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശിക്കുന്നു.
റോഡ് അസറ്റ് മാനേജ്‌മെന്റ് രൂപികരിച്ച് 2030ഓടുകൂടി രാജ്യത്തിന് ആവശ്യമായ റോഡുകളുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കണെന്നും അതില്‍ സാമ്പത്തികമായി ലാഭമുണ്ടാകുന്നതും അല്ലാത്തതുമായ പദ്ധതികളുമേതെന്ന് കണ്ടെത്തുകയും വേണമെന്ന് നിര്‍ദേശിക്കുന്നു.
Leave a Comment