മുംബൈ: ചെറുകിട വായ്പമേഖലയില്‍ വന്‍തോതില്‍ വളര്‍ച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം വായ്പ വിതരണത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
നിലവില്‍ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവില്‍ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാന്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവര്‍ക്ക് ജൂലായ് മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവില്‍ വായ്പയെടുത്തവര്‍ക്ക് കൈമാറാന്‍ സാധാരണ ബാങ്കുകള്‍ വിമുഖത കാണിക്കാറാണ് പതിവ്.
ഇതില്‍നിന്ന് വ്യത്യസ്തമായി നിലവില്‍ വായ്പയുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാള്‍ 2.25 ശതമാനം കൂടുതല്‍ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക.
നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാള്‍ 40 മുതല്‍ 55 ബേസിസ് പോയന്റുവരെ കൂടുതല്‍ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ.
2014ല്‍ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവില്‍ വായ്പയെടുത്തവര്‍ക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതല്‍ 8.90 ശതമാനംവരെയായിരുന്നു. ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കുറച്ചപ്പോള്‍, മാര്‍ജിനാല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.
Leave a Comment