കശ്മീരിന്റെ പ്രത്യേകാധികാരം; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വ്യാപക പിഴവുകള്‍ കടന്നുകൂടിയതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. അരമണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹര്‍ജിയാണെന്ന് മനസിലാകുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

അതേസമയം, കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകീട്ടോടെ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ ഹര്‍ജിയും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

pathram:
Related Post
Leave a Comment