സുഷമ സ്വരാജ് അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നാം മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്.

ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.

ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്‌സഭാ മണ്ഡലത്തിൽ ’80, ’89 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്‌ക്കുണ്ട്.

രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment