റദ്ദാക്കിയ ട്രെയിനുകളിലെ റിസര്‍വേഷന്‍ റീഫണ്ട് ലഭിക്കാന്‍ പുതിയ നിബന്ധന

പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം.

കൗണ്ടറുകളില്‍നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ഫണ്ട് ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. സ്റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാല്‍ റീഫണ്ടിന് അപേക്ഷ നല്‍കാതെ തുക കിട്ടുമായിരുന്നു. ആ നിയമം മാറി.

കഴിഞ്ഞവര്‍ഷം കേരളത്തിലെയും കന്യാകുമാരി ജില്ലയിലെയും വെള്ളപ്പൊക്കം കാരണം ഓടാത്ത വണ്ടികളിലെ ടിക്കറ്റ് റീഫണ്ടിന് പലരും അപേക്ഷിച്ചിരുന്നില്ല. അറിയാത്തതുകൊണ്ടായിരുന്നു ഇത്. തുക നഷ്ടപ്പെടാതിരിക്കാന്‍ ടി.ഡി.ആര്‍. ഫയല്‍ചെയ്യാന്‍ ദക്ഷിണ റെയില്‍വേ പിന്നീട് കൂടുതല്‍ സമയം അനുവദിച്ചു.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി എടുത്ത ഇ-ടിക്കറ്റുകള്‍ക്ക് ഉടന്‍ റീഫണ്ട് കിട്ടില്ല. യാത്രക്കാര്‍ ടി.ഡി.ആര്‍. (ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ്) ഫയല്‍ ചെയ്യണം. ടി.ഡി.ആര്‍. ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം റെയില്‍വേ അനുവദിച്ചിട്ടില്ല. 72 മണിക്കൂറിനുള്ളില്‍ത്തന്നെ ചെയ്യണം. എന്നാല്‍, നേത്രാവതി അടക്കമുള്ള വണ്ടികളിലുണ്ടായിരുന്ന ജനറല്‍ ടിക്കറ്റുകാര്‍ക്ക് പണം നഷ്ടമാകും.

ഞായറാഴ്ച നേത്രാവതി എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു. യു.ടി.എസ്. കൗണ്ടര്‍ വഴി ജനറല്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഞായറാഴ്ച ആ റൂട്ടിലേക്ക് വണ്ടിയില്ലാത്തതിനാല്‍ റീഫണ്ട് നല്‍കിയതായി റെയില്‍വേ അറിയിച്ചു.

pathram:
Related Post
Leave a Comment