കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി.
പോലീസ് കൈമാറിയ ചികിത്സാരേഖകളുടെ പകര്‍പ്പ് പുറത്തായി. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കൈമാറിയത്. കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വെള്ളിയാഴ്ച കളക്ടര്‍ മൊഴിയെടുത്തിരുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് തങ്ങള്‍ക്ക് ലഭിച്ചതായി സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം ആലുവയില്‍ പറഞ്ഞിരുന്നു.
ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ എക്സ് റേ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. കൊച്ചിയില്‍ ഡി ഐ ജി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിലാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോയ്ക്കും മറ്റ് സി പിഐ നേതാക്കള്‍ക്കും പരിക്കേറ്റത്.
അതേസമയം ലാത്തിചാര്‍ജില്‍ തന്റെ കൈക്ക് പൊട്ടലേറ്റിട്ടില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കൈക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. പരിക്കിനനുസരിച്ചാണ് കൈയില്‍ പ്ലാസ്റ്ററിട്ടത്. വ്യാജമായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ കൊടുത്ത് ശീലമുള്ളവരാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.
എന്നെയടക്കമുള്ള നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ ശേഷം അതിന്റെ ആഴം അളക്കുന്നത് തന്നെ ഒരു നല്ല ശീലമല്ല. നിരവധി സമരങ്ങളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും മര്‍ദ്ദനമേല്‍ക്കുന്നതില്‍ ഒരു മടിയും ഉണ്ടായിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
ലാത്തിചാര്‍ജുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Leave a Comment