രാഖി വധം; അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല; കൊലപ്പെടുത്തിയത് കാറില്‍വച്ച് കഴുത്ത് ഞെരിച്ച്

തിരുവനന്തപുരം: പുത്തന്‍കട സ്വദേശിനി രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികന്‍ അഖില്‍ ആര്‍. നായര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തില്‍ നിന്നെന്ന മട്ടില്‍ അഖില്‍ ഫോണില്‍ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. ഇതോടെ അഖിലിനു നേരെയുള്ള സംശയം വര്‍ധിക്കുകയാണ്.

രാഖിയെ കാറില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാന്‍ ഉപയോഗിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു കൊലപാതകം നടത്തിയത്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ആ സമയത്തു കാര്‍ എന്‍ജിന്‍ ഇരപ്പിച്ചു നിര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുന്‍പ് കാണാതായ എറണാകുളത്തെ കേബിള്‍ കമ്പനിയിലെ ജീവനക്കാരി പൂവാര്‍ പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖി മോളുടെ(30) മൃതദേഹം അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ അഖില്‍ ആര്‍ നായരുടെ(27) വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്തായ ആദര്‍ശിനെ പിടികൂടിയതു വഴിയാണു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്.

പ്രതിയെന്നു പൊലീസ് സംശയിക്കുന്നത് അഖിലിനെയും സഹോദരന്‍ രാഹുലിനെയുമാണ്. ഡല്‍ഹിയില്‍ സൈനികനായ അഖില്‍ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെണ്‍കുട്ടിയെ കണ്ടു വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതാണു കൊലയ്ക്കു കാരണമായി പൊലീസ് പറയുന്നത്.

എന്നാല്‍ രാഖിയെ കൊന്നിട്ടില്ലെന്നും താന്‍ ഒളിവിലല്ലെന്നും മാധ്യമപ്രവര്‍ത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടന്‍ പൊലീസിനു മുന്നില്‍ ഹാജരാകുമെന്നും അഖില്‍ പറഞ്ഞു. പിതാവ് മണിയന്‍ എന്നു വിളിക്കുന്ന രാജപ്പന്‍നായരോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകനോടും അഖില്‍ സംസാരിച്ചത്.

രാഖിയെ ജൂണ്‍ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറില്‍ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവള്‍ പിന്‍മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാന്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കില്‍ ഇതിനു മുന്‍പേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലില്‍കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്പ്രസില്‍ യാത്രതിരിച്ചു ഡല്‍ഹിയിലെത്തി 29നു യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.” ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകള്‍.

pathram:
Leave a Comment