ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍ വേ ഒരുങ്ങുന്നു. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ തന്നെ നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കും അല്ലങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ റെയില്‍വെ എക്സ്പ്രസ് സര്‍വീസുകളാക്കി മാറ്റി.
ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എ.സി യാത്രയാണ് ഈ ട്രെയിന്‍ വാഗ്ദാനം ചെയ്തത്.
ഇടത്തരം-താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആകര്‍ഷകമായിരുന്നു ഗരീബ് രഥ് ട്രെയിനുകള്‍. ഡല്‍ഹിയില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള ഗരീബ് രഥ് ട്രെയിന്‍ ടിക്കറ്റിന് 1050 രൂപയാണെങ്കില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഇത് 1600 രൂപ വരെയാണ്.
ഇവ നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്‍ എസി യാത്ര നടത്തുന്ന ഗരീബ് രഥ് ട്രെയിനുകള്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അനുചിതമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. നിലവില്‍ 26 ഗരീബ് രഥ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
Leave a Comment