കോഹ്ലി-രോഹിത് സംഘം..!! രവിശാസ്ത്രിക്കെതിരേയും അമര്‍ഷം; ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് സെമി ഫൈനില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പിന്നാമ്പുറ കഥകള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ ടീമില്‍ വിഭാഗീയതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തുണക്കുന്നവരും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്നവരുമായി രണ്ട് വിഭാഗം ടീമിലുണ്ടെന്ന് ‘ദൈനിക് ജാഗരണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീമില്‍ വിഭാഗീയത പ്രകടമായിട്ടില്ലെങ്കിലും രോഹിത്തിനെ പിന്തുണക്കുന്നവരെന്നും കോലിയുടെ സ്വന്തം ആള്‍ക്കാരുമെന്ന രീതിയിലുള്ള വിഭജനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീമിലിടം കിട്ടണമെങ്കില്‍ ഒന്നുകില്‍ കോലിയുടെ സംഘത്തിലെ അംഗമായിരിക്കണം, അല്ലെങ്കില്‍ രോഹിത്തിനെയോ ജസ്പ്രീത് ബുമ്രയെയോ പോലെ സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കുണം. ഇവര്‍ക്ക് മാത്രമെ ടീമിലിടമുള്ളു. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും കെ എല്‍ രാഹുലിനെപ്പോലുള്ളവരോട് ടീം മാനേജ്‌മെന്റിന് കടുത്ത പക്ഷപാതമുണ്ട്.

അംബാട്ടി റായുഡുവിനെ ലോകകപ്പ് ടീമിലെടുക്കാതിരുന്നതിന് കാരണം അദ്ദേഹം കോലിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാത്തതിനാലാണെന്ന് ടീമിലെ ഒരു അംഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം കോച്ച് രവി ശാസ്ത്രിയിലും ബൗളിംഗ് കോച്ച് ഭരത് അരുണിലും ടീം അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ഇരുവരും പുറത്തുപോവുന്നത് കാണാന്‍ ടീം അംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2017ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് അനില്‍ കുംബ്ലെയ്ക്ക് പകരം രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ ഹെഡ് കോച്ചാക്കിയത്. അന്ന് ശാസ്ത്രിയെ പരിശീലകസ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണച്ചതും വിരാട് കോലിയായിരുന്നു.

pathram:
Related Post
Leave a Comment