ദിവസം 4500 രൂപ ലാഭം കിട്ടും; പി.ജെ. ജോസഫിന്റെ പശുവളര്‍ത്തലിന് സഭയില്‍ കൈയ്യടി..!!!

തിരുവനന്തപുരം: സഭയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ പശുവളര്‍ത്തല്‍ ചര്‍ച്ച രസകരമായി. ജോസഫിന് പശുവളര്‍ത്തലില്‍ എല്ലാ ചെലവും കഴിഞ്ഞ് ദിവസേന ലാഭം 4500 രൂപയുണ്ടത്രെ. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ പശുവളര്‍ത്തലിലെ തന്റെ മേല്‍ക്കോയ്മ വ്യക്തമാക്കി ജോസഫ് നിയമസഭയില്‍ നടത്തിയ പ്രഭാഷണത്തിന് അഭിനന്ദനപ്രവാഹമാണ് ഉണ്ടായത്. ജോസഫിന്റെ ഗോശാലയില്‍ പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം എന്നായി പല മന്ത്രിമാരും എം.എല്‍.എ.മാരും. ചിലര്‍ സന്ദര്‍ശനം തീരുമാനിച്ചുകഴിഞ്ഞു.

ക്ഷീരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ജോസഫ് വാദിച്ചതു മുഴുവന്‍ നാടന്‍ പശുക്കള്‍ക്കായി. സംസ്ഥാന നാടനല്ല, ദേശീയ നാടന്‍. ഗിര്‍, താര്‍പാക്കര്‍, സഹിവാള്‍, സിന്ധി എന്നീ നാലിനങ്ങളാണ് ജോസഫിന്റെ അനുഭവത്തില്‍ മെച്ചം. ദിവസേന 20 ലിറ്ററില്‍ കുറയാതെ പാല്‍ കിട്ടും.

വിദേശ ജനുസ്സുകളെയും കേരളീയ നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ എന്നിവയെയും വളര്‍ത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് ജോസഫിന്റെ അഭിപ്രായം. ചങ്ങമ്പുഴയുടെ ലക്ഷണമെല്ലാമുണ്ട്; കവിതയില്ല എന്നുപറയുന്നപോലെയാണ് ഇപ്പോഴത്തെ വെച്ചൂര്‍ പശുവിന്റെ കാര്യം. പണ്ടത്തെപ്പോലെ പാലില്ല. ദേശീയ നാടന്‍ ഇനങ്ങളെ ഉത്പാദിപ്പിക്കുന്നതിന് അവയില്‍പ്പെട്ട മൂരികളെ കേരളത്തില്‍ കൊണ്ടുവരണം. ക്ഷീരനയം ഇതിനായി തിരുത്തിയെഴുതണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

കൂട്ടത്തില്‍ സഹിവാളാണ് ഉഗ്രനെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. പക്ഷേ, ജോസഫ് നൂറുമാര്‍ക്കും നല്‍കുന്നത് താര്‍പാര്‍ക്കര്‍ എന്ന രാജസ്ഥാന്‍ പശുവിനാണ്. ജോസഫല്ലാതെ സഹിവാള്‍ പശുവിനെ വളര്‍ത്തുന്ന മറ്റൊരംഗംകൂടി സഭയിലുണ്ടെന്നും തെളിഞ്ഞു -വീണാ ജോര്‍ജ്.

‘എ-ടു’ പാലാണ് ഇപ്പോള്‍ ആഗോളവിപണിയിലെ താരം. ഏഷ്യയിലും ആഫ്രിക്കയിലും ഉത്പാദിപ്പിക്കുന്ന പാലെന്നേ ഇതിന് അര്‍ഥമുള്ളൂ. വലിയ വിലയാണിതിന്. വരുംകാലത്ത് നാടന്‍ പശുക്കളുടെ പാല്‍ കയറ്റുമതിചെയ്താല്‍ ഇരട്ടിയിലേറെ ലാഭമുണ്ടാകും -ജോസഫ് നിര്‍ദേശിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവസേന ഒരു കപ്പ് പാല്‍ സര്‍ക്കാര്‍ നല്‍കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പഠിച്ച സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് താന്‍ ദിവസേന അഞ്ചു ലിറ്റര്‍ പാല്‍ നല്‍കുന്ന കാര്യവും അദ്ദേഹം അറിയിച്ചു. എത്ര പശുക്കളുണ്ടെന്ന് ജോസഫ് പറഞ്ഞില്ല. എന്നാല്‍, ജോസഫിന് 45 പശുക്കളുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

പ്രസംഗം കഴിഞ്ഞതോടെ പശുക്കളുടെ വിശേഷമറിയാന്‍ മന്ത്രിമാരുള്‍പ്പെടെ ജോസഫിനെ വളഞ്ഞു. സഭ അദ്ദേഹത്തെ അഭിനന്ദിച്ചു. ഗിര്‍ ഇനത്തില്‍പ്പെട്ട നൂറു മൂരികളെ പെരുമാട്ടിയില്‍ കൊണ്ടുവന്നെന്നും ഇനിയും നൂറെണ്ണത്തിനെക്കൂടി എത്തിക്കുമെന്നും മന്ത്രി കെ. രാജു പറഞ്ഞു.

pathram:
Leave a Comment