സൗമ്യയെ അജാസ് മുന്‍പും കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീട്ടിലെത്തി മര്‍ദിച്ചു, പെട്രോളൊഴിച്ചു

പ്രതി അജാസ് മുന്‍പും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മയുടെ മൊഴി. സൗമ്യയെ വീട്ടിലെത്തി മര്‍ദിക്കുകയും ദേഹത്തു പെട്രോള്‍ ഒഴിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ ഇന്ദിര പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അജാസ് പലപ്പോഴും പിന്തുടരുന്നതായി സൗമ്യ അമ്മയോടു പറഞ്ഞിരുന്നു. നിരന്തരമായി ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ സൗമ്യ ആക്രമണം പ്രതീക്ഷിച്ചിരുന്നു.

താന്‍ മരിച്ചാല്‍ പൊലീസിനോടു മലപ്പുറത്തെ അജാസ് ആണു കാരണക്കാരന്‍ എന്നു സൗമ്യ മൂത്തമകന്‍ ഋഷികേശിനോടു പറഞ്ഞിരുന്നു. പൊലീസിലെ പരിശീലന കാലത്തു പരിചയപ്പെട്ട അജാസ് സൗമ്യയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. അജാസ് ഒരു ഘട്ടത്തില്‍ സൗമ്യയ്ക്കു പണം നല്‍കി. സൗമ്യ ഈ തുക തിരികെ നല്‍കാന്‍ പലതവണ ശ്രമിച്ചപ്പോഴും അജാസ് നിരസിക്കുകയായിരുന്നു.

വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമാണെന്ന് അറിഞ്ഞിട്ടും സൗമ്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം അജാസിനുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഈ ആഗ്രഹം അറിഞ്ഞശേഷം സൗമ്യ അജാസിനോട് അകലം പാലിക്കുകയും അജാസിന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായി സൂചനയുണ്ട്. ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തു. ഇതിനു ശേഷമാണ് അജാസ് വീട്ടിലെത്തി മര്‍ദിച്ചതെന്നാണു വിവരം.

അതേസമയം പൊലീസുകാരിയായ സൗമ്യയെ കൊലപ്പെടുത്തിയെ സംഭവത്തില്‍ പ്രതി അജാസിന്റെ മൊഴി പൊലീസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി.

ശനിയാഴ്ച വൈകിട്ടാണു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കുടുംബം നല്‍കുന്ന മൊഴി. ഭര്‍ത്താവും മൂന്നു കുട്ടികളുമുള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കി സൗഹൃദം പൂര്‍ണമായും ഉപേക്ഷിക്കാന്‍ ആണ് സൗമ്യ തീരുമാനിച്ചത്. രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയില്‍ പോയി അജാസിന് പണം നല്‍കി. പക്ഷെ വാങ്ങാന്‍ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജാസാണ് കാറില്‍ വള്ളികുന്നത്തെ വീട്ടില്‍ തിരികെ എത്തിച്ചത്. ഈ സമയങ്ങളില്‍ എല്ലാം നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.

അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നല്‍കി. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസില്‍നിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോണ്‍ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരില്‍ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണി ഉള്ള കാര്യം പൊലീസില്‍ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം എസ്‌ഐ പറഞ്ഞു.

പൊലീസ് കുപ്പായമണിഞ്ഞതിന്റെ അഞ്ചാം വര്‍ഷിക ദിനത്തിലാണു സൗമ്യയുടെ ദാരുണാന്ത്യം. 2014 ജൂണ്‍ 15ന് ആണു സൗമ്യ പൊലീസ് സേനാംഗമായത്. എരിഞ്ഞുതീര്‍ന്നതു മറ്റൊരു ജൂണ്‍ 15ന്. ബിരുദ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണു സൗമ്യ വിവാഹിതയായത്. 2 കുട്ടികള്‍ ജനിച്ചതിനു ശേഷമാണു പൊലീസ് ടെസ്റ്റ് എഴുതി ജോലി നേടിയത്. കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളാണ്.

ഇന്ദിര തയ്യല്‍ജോലിയും മറ്റും ചെയ്താണു സൗമ്യയെയും സഹോദരി രമ്യയെയും പഠിപ്പിച്ചത്. അബുദാബിയിലുള്ള സഹോദരി ഇന്നെത്തും. എല്ലായ്‌പോഴും സന്തോഷത്തോടെയാണു സൗമ്യ മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. ജോലിയില്‍ തികഞ്ഞ കൃത്യനിഷ്ഠയും പാലിച്ചിരുന്നു. സൗമ്യയുടെ കീഴില്‍ പരിശീലനം നേടിയിരുന്ന എസ്പിസി കെഡറ്റുകളില്‍ ചിലര്‍ ഇന്നലെ വള്ളികുന്നത്തെ വീട്ടിലെത്തി.

രാവിലെ എത്തിയത് ഇലിപ്പക്കുളം കെകെഎം ഗവ.എച്ച്എസ്എസിലെ 8 പേരാണ്. പരസ്പരം നിറഞ്ഞ കണ്ണുകളോടെ നോക്കിയിരിക്കാനല്ലാതെ ഒരുവാക്കുപോലും മിണ്ടാനായില്ല ആര്‍ക്കും. കൊല്ലപ്പെട്ട ദിവസം രാവിലെ 7.15നു സ്‌കൂളിലെത്തി ഒരു മണിക്കൂര്‍ പരിശീലനം നല്‍കിയ ശേഷമാണു പിഎസ്സി പരീക്ഷയെഴുതാന്‍ പോയത്. മടങ്ങിയെത്തിയശേഷം ഡ്യൂട്ടിക്കു പോകാനിറങ്ങിയപ്പോഴാണ് അജാസ് ആക്രമിക്കുന്നത്.

pathram:
Related Post
Leave a Comment