കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അബ്ദുള്ളക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് കെ.പി.സി.സി നടപടിയെടുത്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കിയത്.
കെ.പി.സി.സിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ അബ്ദുള്ളക്കുട്ടി ആദ്യം തയാറായിരുന്നില്ല. കെ.പി.സി.സി.യുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിലപാട്. അതേ സമയം മാധ്യമങ്ങളോട് താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി.
തുടര്‍ന്ന് ഇമെയില്‍ വഴിയും രജിസ്‌റ്റേര്‍ഡ് തപാല്‍ വഴിയും വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി കത്ത് അയക്കുകയായിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ടുള്ള പോസ്റ്റ് അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കിലിട്ടത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സമാന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അബ്ദുള്ളകുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Leave a Comment