ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുല്‍ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ രാഹുല്‍ വിട്ട് വീഴ്ചക്ക് തയ്യാറായില്ല.

ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

മുതിര്‍ന്ന നേതാക്കളും രാഹുലിന്റെ വിശ്വസ്തരായ യുവനേതാക്കളും മാറിമാറി മൂന്നു ദിവസമായി രാഹുലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങാന്‍ തയ്യാറല്ല.

പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ ഡി.എം കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് തുടരണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമായിരിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും അഭിപ്രായപ്പെട്ടു.

അതേസമയം ലോക്‌സഭയിലെ കക്ഷിനേതൃസ്ഥാനം രാഹുല്‍ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അധ്യക്ഷപദത്തില്‍നിന്ന് രാജിവെക്കാനുള്ള തീരുമാനം രാഹുല്‍ സ്വീകരിച്ചത്.

രാജി തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകാന്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായാണ് രാഹുല്‍. 52 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ആകെ അംഗസംഖ്യയുടെ പത്തുശതമാനം അംഗങ്ങളില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചേക്കില്ല.

രാഹുലിന്റേത് ഉറച്ചനിലപാടാണെന്ന് ചില നേതാക്കള്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. അതോടെ താത്കാലികമായിട്ടെങ്കിലും പുതിയൊരാളെ പാര്‍ട്ടി തലപ്പത്തേക്ക് കണ്ടെത്തേണ്ടിവരും.

pathram:
Leave a Comment