വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വീണ്ടും വെട്ടേറ്റു

തലശ്ശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആറ് മണിക്ക് ശേഷമാണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. ബൈക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. വയറിനും കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഒബ്സര്‍വേഷനില്‍ കഴിഞ്ഞ ശേഷം ആശുപത്രി വിടുമെന്നാണറിയന്നത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു പ്രചരണ വാക്യം.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്‍മാറുകയാണുണ്ടായത്. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്.

സി.ഒ.ടി. നസീറിനെതിരെ ഉണ്ടായ ആക്രമണത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അപലപിച്ചു. നസീറിനെ ആക്രമിച്ച സി.പി.എം. നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉള്‍പ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. എതിര്‍പ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയര്‍ന്നാലും അടിച്ചമര്‍ത്തുകയെന്നതാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും തട്ടകമായ തലശ്ശേരിയില്‍ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

pathram:
Leave a Comment