ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവരുടെ ജാതി ഏതാണോ, അതാണ് തന്റെയും ജാതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ സോനേഭദ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു മോദിയുടെ പരാമര്‍ശം.
‘എനിക്ക് അവരോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. മോദിക്ക് ഒരു ജാതി മാത്രമേയുള്ളൂ. പാവപ്പെട്ടവരുടെ ജാതി ഏതാണോ അതാണ് എന്റെയും ജാതി’- മോദി പറഞ്ഞു. എന്‍.ഡി.എ. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിശദീകരിച്ചായിരുന്നു അദ്ദേഹം പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.
രാജ്യത്ത് കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴെല്ലാം ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം ക്ഷയിക്കുകയാണുണ്ടായതെന്നും മോദി കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തില്‍ ഭരണം കൈയാളിയപ്പോഴെല്ലാം ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം ക്ലേശകരമായിരുന്നുവെന്നും വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതില്‍ മാറ്റംവന്നതെന്നും അദ്ദേഹം പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയ്ക്കെതിരേയും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. സാം പിത്രോദയുടെ പരാമര്‍ശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസികാവസ്ഥയും ധിക്കാരവുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Leave a Comment