അധ്യാപകന്‍ വിദ്യാര്‍ഥിയായി…!!! നാല് പ്ലസ്ടു വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതി; 32 പേരുടെ ഉത്തരക്കടലാസ് തിരുത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായി കണ്ടെത്തി. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 3 അധ്യാപകരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും അഡീഷനല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി.മുഹമ്മദിനെതിരെയാണ് ആരോപണം.

ഈ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി രണ്ടാം വര്‍ഷ ഇംഗ്ലിഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികള്‍ക്കായി ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ പരീക്ഷയും ഓഫിസിലിരുന്ന് എഴുതുകയും 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണു കണ്ടെത്തിയത്. ഇദ്ദേഹത്തെയും പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ.ഫൈസല്‍, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.റസിയ എന്നിവരെയുമാണു സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെ കേസ് എടുക്കുന്നതിനു പൊലീസില്‍ പരാതി നല്‍കും.

മൂല്യനിര്‍ണയത്തിനിടെയാണു ക്രമക്കേട് ശ്രദ്ധയില്‍പെട്ടത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കയ്യക്ഷരം സമാനമാണെന്നു കണ്ടാണു സംശയം തോന്നിയത്. തുടര്‍ന്ന് ഇതേ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ മറ്റു ക്യാംപുകളില്‍നിന്നു വരുത്തി നോക്കി. അതോടെ ഈ പരീക്ഷ എഴുതിയതു വിദ്യാര്‍ഥികളല്ലെന്നു വ്യക്തമായി. കയ്യക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാര്‍ഥികളെയുമായി തലസ്ഥാനത്ത് ഹാജരാകാന്‍ പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല.

pathram:
Related Post
Leave a Comment