ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോടനുബന്ധിച്ച് നല്‍കാറുള്ള പൊതു നിര്‍ദേശമാണ്; കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടര്‍ അനുപമ

തൃശ്ശൂര്‍: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ. മെയ് 12,13,14 ദിവസങ്ങളില്‍ നീരുള്ളവ, മദപ്പാടുള്ളവ, വെടിക്കെട്ട് നടക്കുമ്പോള്‍ വിരണ്ടോടുന്ന തരത്തിലുള്ളവ എന്നിങ്ങനെയുള്ള ആനകളെ തൃശ്ശൂര്‍ ടൗണിനകത്ത് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. അതേസമയം ഈ വിലക്കുള്ള ആനകളില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടുമോ എന്നുള്ള ചോദ്യത്തിന് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കളക്ടര്‍ പറഞ്ഞു. വിഷയത്തില്‍ കോടതി ഉത്തരവെന്തോ അത് നടപ്പിലാക്കുമെന്നും അവര്‍ അറിയിച്ചു.

ചില ആനകളെ എഴുന്നള്ളിക്കുന്നത് മുമ്പേ നിരോധിച്ചിരുന്നതാണ്. നിരോധനം ഇപ്പോഴും നീക്കിയിട്ടില്ലെന്നും കളക്ടര്‍ അനുപമ വ്യക്തമാക്കി. ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോടനുബന്ധിച്ച് നല്‍കാറുള്ള പൊതു നിര്‍ദേശമാണ്. ഇത് നോക്കിയിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടുവരുന്നതും മൃഗഡോക്ടര്‍മാര്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവായിറിക്കി നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും കളക്ടര്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമ്പിള്‍ വെടിക്കെട്ട് 11 ന് നടക്കുമെന്നും അവര്‍ അറിയിച്ചു. , പാറമേക്കാവിന് വൈകിട്ട് ഏഴുമുതല്‍ ഒമ്പതുവരെയും തിരുവമ്പാടിയുടേത് ഏഴുമുതല്‍ എട്ടര വരെയും നടക്കും. പ്രധാന വെടിക്കെട്ട് 14 ന് പുലര്‍ച്ചെ നടക്കും. ഇതില്‍ പാറമേക്കാവിന്റേത് മൂന്നുമുതല്‍ ആറുവരെയും തിരുവമ്പാടിയുടേത് മൂന്നുമുതല്‍ അഞ്ചുവരെയും നടക്കും.

പകല്‍പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും. പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതല്‍ രണ്ടുവരെയും തിരുവമ്പാടിയുടേത് 12.30 മുതല്‍ ഒന്നര വരെയും നടക്കും. വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്മാരെ നിയോഗിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 13 ന് രാവിലെ ആറുമുതല്‍ 14 ഉച്ചയ്ക്ക് രണ്ടുവരെ ലഹരി നിരോധനമുണ്ട്.

ഡ്രോണുകള്‍, ഹെലി ക്യാം, ലേസര്‍ ലൈറ്റുകള്‍ എന്നിവ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധിച്ചിട്ടുണ്ട്. കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകള്‍ക്കും നിരോധനമുണ്ട്. ചടങ്ങുകളുടെ സമയത്ത് ഉറക്കെ ശബ്ദമുണ്ടാക്കുന്ന വിസിലുകളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും.

പൂരത്തിനെത്തുന്നവര്‍ തോള്‍ ബാഗ് ഒഴിവാക്കണം. ആംബുലന്‍സ് സൗകര്യം കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തും. ദൂരസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പൂരം വീക്ഷിക്കാന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസുകള്‍ സജ്ജീകരിക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടര്‍ച്ചയായി ഉണ്ടാകും.

pathram:
Leave a Comment