മൂക്കും വായയും പൊത്തിപ്പിടിക്കുകയായിരുന്നു; ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ വീണ്ടും മൊഴി മാറ്റി അമ്മ

ആലപ്പുഴ പട്ടണക്കാട് ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വീണ്ടും മാറ്റി അമ്മ ആതിരയുടെ മൊഴി. കുട്ടി കരഞ്ഞപ്പോള്‍ മൂക്കും വായയും പൊത്തിപ്പിടിക്കുകയായിരുന്നുവെന്നും, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അബദ്ധം പറ്റിയതെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമമെന്നാണ് പോലീസ് നിഗമനം. അതുകൊണ്ട് തന്നെ പോലീസ് യുവതിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

ഒന്നേകാല്‍ വയസുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ ഇന്നലെ കുറ്റം സമ്മതിച്ചിരുന്നു. പിന്നാലെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബോധപൂര്‍വമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. എന്നാല്‍ കുട്ടി കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ യുവതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് മുത്തചഛന്റെ മൊഴി. ആശുപത്രിയിലെത്തി കുട്ടി മരിച്ചുവെന്ന് അറിഞ്ഞിട്ടും സ്ത്രീക്ക് ഒരു ഭാവവ്യത്യാസവമില്ലെന്നുമാണ് കുട്ടിയുടെ മുത്തച്ഛന്‍ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ കേന്ദ്രീകരിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

പതിനഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ പതിവായി ഉപദ്രവിക്കാറുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും മുത്തശ്ശി മൊഴി നല്‍കി. കുട്ടിയുടെ അമ്മ ആതിരയേയും അച്ഛന്‍ ശാരോണിനേയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. നാലുമാസം മുന്‍പ് ഭാര്യയുടെ അമ്മയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ യുവതിയുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

പുതിയകാവ് കൊല്ലംവള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചുണ്ടിലെ മുറിവൊഴിച്ചാല്‍ പ്രാഥമിക പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ അസ്വഭാവിക മുറിവുകളോ പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്നു രാവിലെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. അസ്വഭാവിക മരണത്തിനു കേസെടുത്ത ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

pathram:
Related Post
Leave a Comment