വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; എംപിയുടെ കാര്‍ തകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നില്‍ ബിജെപി – തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബിജെപി എംപിയായ ബബുല്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തെന്ന് ബിജെപി ആരോപിച്ചു.

പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും സംഘര്‍ഷസാധ്യത നിലനിന്നിരുന്നു. ജമുയ മണ്ഡലത്തിലെ 222, 226 ബൂത്തുകളില്‍ സുരക്ഷയ്ക്ക് കേന്ദ്രസേനയില്ലെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പോളിംഗ് ബൂത്തിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പോളിംഗ് തടസ്സപ്പെടുകയും ചെയ്തു.

ഇതോടെ, സ്ഥലത്തേക്ക് കേന്ദ്രസേനയെ കൂട്ടി എത്തുമെന്ന് ബിജെപി എംപി ബബുല്‍ സുപ്രിയോ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ കേന്ദ്രസേന ആവശ്യമാണെന്ന് പശ്ചിമബംഗാളിലെ ജനത മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും മമതാ ബാനര്‍ജിക്ക് ജനാധിപത്യത്തെ പേടിയാണെന്നും ബബുല്‍ സുപ്രിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇവിടേക്ക് പോകുന്ന വഴിയാണ് ബബുല്‍ സുപ്രിയോയെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വന്തം മണ്ഡലമായ അസന്‍സോളിലെ ഒരു ബൂത്തില്‍ ബിജെപി പോളിംഗ് ഏജന്റില്ല എന്നാരോപിച്ച് ടിഎംസി പ്രവര്‍ത്തകര്‍ ബൂത്തില്‍ പ്രതിഷേധിക്കുകയായിരുന്നു. ഇവിടത്തെ എംപിയായ ബബുല്‍ സുപ്രിയോ ഈ ബൂത്തിലിറങ്ങി. സുപ്രിയോയുടെ കാര്‍ ബൂത്തിന് സമീപത്ത് വച്ച് ടിഎംസി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് ടിഎംസി – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി. തുടര്‍ന്ന് ഒരു വിഭാഗം ടിഎംസി പ്രവര്‍ത്തകര്‍ ബബുല്‍ സുപ്രിയോയുടെ കാര്‍ തല്ലിത്തകര്‍ത്തു എന്നാണ് ആരോപണം.

തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

വോട്ടെടുപ്പിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും വ്യാപക സംഘര്‍ഷമാണുണ്ടായത്. കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും അക്രമം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണെന്ന ആരോപണമാണുയരുന്നത്. പല ഇടത്തും കേന്ദ്രസേനയില്ല. ക്രമക്കേടുകള്‍ ഉന്നയിച്ച് ടിഎംസി പ്രവര്‍ത്തകരടക്കം രംഗത്തു വരികയും ചെയ്യുന്നു.

pathram:
Related Post
Leave a Comment