ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്നായിക് നേതൃത്വം നല്‍കും. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണമാണ് നടക്കുക

രാവിലെ തന്നെ കോടതി വളരെ കൃത്യമായി ബാഹ്യസമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്ന് പറഞ്ഞിരുന്നു. കോടതിയുടെ വിശുദ്ധിക്ക് കളങ്കമേല്‍പിച്ചിരുന്നു, ഇത് തീക്കളിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് സിബിഐ ഐബി ഡല്‍ഹി പോലീസ് എന്നിവ ചേര്‍ന്നുള്ള വിപുലമായ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

‘നിങ്ങള്‍ക്ക് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ല എന്ന് ധനികരോടും ശക്തരോടും പറയേണ്ടസമയം വന്നെത്തിയിരിക്കുന്നു’,. എന്ന് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. എപ്പോഴൊക്കെ വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം ഗൂഢാലോചനക്കെതിരായ അന്വേഷണം ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗികആരോപണ പരാതിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി അറിയിച്ചു.

ലൈംഗികാരോപണത്തെ തുടര്‍ന്നുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അധിക സത്യവാങ്മൂലം രാവിലെ സമര്‍പ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അഭിഭാഷകനായ ഉത്സവ് സിങ് ബെയിന്‍സ് ഇന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ നല്‍കിയിരുന്നത്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നില്‍ ഒരു കോര്‍പറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്ന ഉത്സവ് സിങ് ബെയിന്റെ ആരോപണമാണ് അന്വേഷിക്കുന്നതെന്നും ലൈംഗികാരോപണം സംബന്ധിച്ച് നേരത്തെ നിയോഗിച്ച കമ്മിറ്റി അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.

കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. സുപ്രീം കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം രാവിലെ പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ലൈംഗികാരോപണത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതിന്റെ അടിവേരുവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ഉത്സവ് സിങ് ബെയിന്‍സ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അതിഗൗരവമുള്ളതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ബെയിന്‍സിനോട് അധിക തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

എറിക്‌സണ്‍ കമ്പനിക്ക് 550 കോടി രൂപ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍കോം മേധാവി അനില്‍ അംബാനിയെ കോടതിയില്‍ വിളിച്ചുവരുത്താനുള്ള ജനുവരി ഏഴിലെ ഉത്തരവ് തിരുത്തിയതിന് കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ, തപന്‍ ചക്രവര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സൂചനയാണ് അഡ്വ. ബെയിന്‍സ് നല്‍കുന്നത്.

കൂടാതെ, സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഉത്തരവുകൊണ്ട് അടുത്തിടെ ഒരു കോര്‍പ്പറേറ്റ് വ്യക്തിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയിലേക്ക് അതു നയിച്ചെന്നും ബെയിന്‍സ് പറയുന്നു.

pathram:
Related Post
Leave a Comment