ലൈംഗികാരോപണം; രാജിവയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്; പിന്നില്‍ വന്‍ ഗൂഢാലോചനയും

സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നത്. അടിയന്തര വിഷയം ചര്‍ച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറയുന്നു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. അത്യസാധാരണമായ നടപടിക്രമങ്ങളാണ് കോടതിയില്‍ നടക്കുന്നത്.

വളരെ പ്രധാനപ്പെട്ട കേസുകള്‍ അടുത്ത ആഴ്ചകളില്‍ താന്‍ കേള്‍ക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയില്‍ അടിയന്തരസിറ്റിംഗ് നടത്തുന്നത്.

ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുള്ളത്. രാവിലെ പത്തേമുക്കാലോടെയാണ് സിറ്റിംഗ് തുടങ്ങിയത്.

സാധാരണ ഒരാള്‍ ഹര്‍ജി നല്‍കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിഷയം പരാമര്‍ശിക്കുമ്പോഴോ ആണ് കോടതികള്‍ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ കത്തുകളോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലുണ്ട്.

പുതിയ അപ്‌ഡേറ്റുകള്‍…

# ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

# ദ് വയര്‍, ലീഫ് ലെറ്റ്, കാരവന്‍, സ്‌ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചു.

# എനിക്കെതിരെ ലൈംഗികപീഡനപരാതി ഉയര്‍ന്നെന്നാണ് ആ കത്തുകളില്‍ ഉണ്ടായിരുന്നത്.

# ഞാന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്റെ സെക്രട്ടറി ഇതിന് മറുപടി നല്‍കി.

# കാരവന്‍ – ഈ കത്ത് വാര്‍ത്തയാക്കി എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞെന്ന് ചീഫ് ജസ്റ്റിസ്.

# ഒരു കാര്യം എനിക്ക് വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്റെ ഓഫീസില്‍ എല്ലാ ഉദ്യോഗസ്ഥരോടും ഒരേ പോലെ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി എന്റെ ഓഫീസില്‍ ഒന്നര മാസം ജോലി ചെയ്തിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ മറുപടി പറയേണ്ട ആവശ്യം പോലുമില്ലെന്നാണ് എനിക്ക് തോന്നിയതെന്ന് ചീഫ് ജസ്റ്റിസ്.

# പ്രത്യേക വാദം കേള്‍ക്കലിനിടെ ആരോപണങ്ങളോടുള്ള നിലപാടുകള്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയാണ്.

# ഈ ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ട് എഫ്‌ഐആറുകള്‍ അവര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്.

# ക്രിമിനല്‍ കേസ് പശ്ചാത്തലമുണ്ടായിട്ടും അവരെങ്ങനെ സുപ്രീംകോടതി സര്‍വീസില്‍ പ്രവേശിച്ചു എന്ന് ഞാന്‍ ദില്ലി പൊലീസിനോട് ആരാഞ്ഞിരുന്നതാണ്.

# മുന്‍പ് ഈ വനിതയ്ക്കും ഭര്‍ത്താവിനുമെതിരെ കേസുകളുണ്ടായിരുന്നു. ചില എഫ്‌ഐആറുകളില്‍ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അവര്‍ ജാമ്യത്തിലിറങ്ങിയതാണ്. അവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

# 20 വര്‍ഷം നിസ്വാര്‍ത്ഥമായി ജോലി ചെയ്തയാളാണ് ഞാന്‍. എന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്റെ ആകെ സമ്പാദ്യം. ജഡ്ജിയായി ജോലി ചെയ്ത് പടിപടിയായി ഉയര്‍ന്നു വന്നയാളാണ് ഞാന്‍. റിട്ടയര്‍മെന്റിനടുത്ത് നില്‍ക്കുമ്പോള്‍ എന്റെ കയ്യില്‍ ആറ് ലക്ഷം രൂപ മാത്രമാണുള്ളതെന്നും രഞ്ജന്‍ ഗൊഗോയ്.

# ആരോപണത്തിന് പിന്നില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയാണെന്ന് രഞ്ജന്‍ ഗോഗോയ്

# ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലാണ്. വലിയ ഭീഷണികളാണുള്ളത്. ഇങ്ങനെ ജോലി ചെയ്യേണ്ടി വരും എന്നുണ്ടെങ്കില്‍ ഒരു നല്ല ജഡ്ജി പോലും ഇവിടേക്ക് ജോലി ചെയ്യാന്‍ വരില്ല.

# എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ല. ഞാന്‍ എന്റെ ജോലി തുടരും.

# എന്തായാലും ഈ പരാതി ഞാനല്ല പരിഗണിക്കുക. കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഈ കേസ് പരിഗണിക്കും.

# കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അടക്കം ഇതിനോട് യോജിച്ചു.

# ഇത് ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്ത.

# കോടതിയിലെ ഒരു ജൂനിയര്‍ അസിസ്റ്റന്റിന്റെ മാത്രം ഇടപെടലായി ഇതിനെ കാണാന്‍ കഴിയില്ല. ഈ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.

# ഇതിന്റെ പേരില്‍ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് കാരവനും സ്‌ക്രോളുമുള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒരു യുവതിയുടെ ലൈംഗികപീഡന പരാതി പുറത്തു വിട്ടിരുന്നു. ആ പരാതിയെക്കുറിച്ചാണ് അടിയന്തര സിറ്റിംഗ് എന്നാണ് സൂചനകള്‍ പുറത്തു വരുന്നത്.

35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. 22 ജഡ്ജിമാര്‍ക്കാണ് പരാതി യുവതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

pathram:
Related Post
Leave a Comment